സൗദിയിൽ നിന്നും ഡി ബ്രൂയിനക്ക് വിചിത്രമായ ഓഫർ!

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ സൂപ്പർതാരമായ കെവിൻ ഡി ബ്രൂയിന.ക്ലബ്ബുമായുള്ള അദ്ദേഹത്തിന്റെ കോൺട്രാക്ട് 2025ലാണ് അവസാനിക്കുക. ഈ കോൺട്രാക്ട് അദ്ദേഹം പുതുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.നിലവിൽ പരിക്കു മൂലം ദീർഘകാലമായി അദ്ദേഹം പുറത്താണ്. അതുകൊണ്ടുതന്നെ മാഞ്ചസ്റ്റർ സിറ്റിക്ക് അദ്ദേഹത്തിന്റെ കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.

ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങൾ കാരണം വരുന്ന സമ്മറിൽ അദ്ദേഹത്തെ സിറ്റി കൈവിട്ടേക്കും എന്ന റൂമറുകൾ സജീവമാണ്. സൗദി അറേബ്യക്ക് ഈ താരത്തെ എത്തിക്കാൻ താല്പര്യമുണ്ട്. ഇപ്പോൾ സൗദി അറേബ്യയിൽ നിന്നും വളരെ വിചിത്രമായ ഒരു ഓഫറാണ് ഡി ബ്രൂയിനക്ക് ലഭിച്ചിട്ടുള്ളത്. അതായത് സൗദി അറേബ്യയിലെ സെക്കൻഡ് ഡിവിഷൻ ക്ലബ്ബിന് ഡി ബ്രൂയിനയെ വേണം.അവർ ഒരു ഓഫർ നൽകിയിട്ടുമുണ്ട്.അൽ ക്വാദിസിയ എന്ന സെക്കൻഡ് ഡിവിഷൻ ക്ലബ്ബിൽ നിന്നാണ് ഡി ബ്രൂയിനക്ക് ഓഫർ ലഭിച്ചിട്ടുള്ളത്.

അറേബ്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഈ സീസൺ അവസാനിക്കുന്നതോടുകൂടി ഫസ്റ്റ് ഡിവിഷനിലേക്ക് പ്രമോഷൻ നേടാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഈ ക്ലബ്ബ് ഇപ്പോൾ ഉള്ളത്. പ്രമോഷൻ നേടി അത് ഉയർത്തിപ്പിടിച്ചുകൊണ്ട് ഡി ബ്രൂയിനയെ കൺവിൻസ് ചെയ്യിക്കാം എന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.എന്നാൽ ഡി ബ്രൂയിന ഇപ്പോൾ ഇതിലേക്കൊന്നും ശ്രദ്ധ നൽകുന്നില്ല. പരിക്കിൽ നിന്നും മുക്തനാവുന്നതിനു മാത്രമാണ് അദ്ദേഹം ശ്രദ്ധ നൽകുന്നത്.

അദ്ദേഹം മാഞ്ചസ്റ്റർ സിറ്റി വിടാൻ തീരുമാനിച്ചാൽ തീർച്ചയായും സൗദിയിലെ പ്രശസ്ത ക്ലബ്ബുകൾ അദ്ദേഹത്തിന് വേണ്ടി രംഗത്തുവരും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. നിരവധി സൂപ്പർതാരങ്ങൾ ഇപ്പോൾ സൗദിയിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.ഡി ബ്രൂയിന സൗദിയിലേക്ക് വരാൻ തയ്യാറാകുമോ എന്നതൊക്കെ കാത്തിരുന്ന് കാണേണ്ട കാര്യമാണ്. അദ്ദേഹത്തെ കൂടി എത്തിക്കാൻ കഴിഞ്ഞാൽ തീർച്ചയായും സൗദി ലീഗ് കൂടുതൽ ആകർഷകമാകും.

Leave a Reply

Your email address will not be published. Required fields are marked *