മെസ്സിക്കെതിരെ ക്രിസ്റ്റ്യാനോയെ പരിശീലിപ്പിച്ച അർജന്റൈൻ കോച്ചിനെ എത്തിക്കാൻ അൽ ഇത്തിഹാദ്!

ഈ വർഷത്തിന്റെ തുടക്കത്തിൽ റിയാദ് സീസൺ കപ്പിൽ റിയാദ് ഓൾ സ്റ്റാർ ഇലവനും ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.നാലിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ പിഎസ്ജി റിയാദ് ഓൾ സ്റ്റാർ ഇലവനെ പരാജയപ്പെടുത്തിയിരുന്നത്. മത്സരത്തിൽ പിഎസ്ജിക്ക് ലയണൽ മെസ്സിയും റിയാദിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോയും കളത്തിൽ ഇറങ്ങിയിരുന്നു.രണ്ടുപേരും മത്സരത്തിൽ ഗോളുകൾ നേടുകയും ചെയ്തിരുന്നു.

ആ മത്സരത്തിൽ റിയാദ് ഓൾ സ്റ്റാർ ഇലവനെ പരിശീലിപ്പിച്ചിരുന്നത് പ്രശസ്ത അർജന്റൈൻ പരിശീലകനായിരുന്ന മാഴ്സെലോ ഗല്ലാർഡോയായിരുന്നു.അർജന്റൈൻ വമ്പൻമാരായ റിവർ പ്ലേറ്റിനെ ഒരുപാട് കാലം പരിശീലിപ്പിക്കാൻ ഈ പരിശീലകന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷം അദ്ദേഹം റിവർ പ്ലേറ്റ്മായുള്ള കരാർ അവസാനിപ്പിക്കുകയായിരുന്നു. നിലവിൽ അദ്ദേഹം ഫ്രീ ഏജന്റ് ആണ്. അദ്ദേഹത്തെ സ്വന്തമാക്കാൻ ഇപ്പോൾ സൗദി അറേബ്യൻ വമ്പൻമാരായ അൽ ഇത്തിഹാദിന് താല്പര്യമുണ്ട്.

ദിവസങ്ങൾക്കു മുന്നേയായിരുന്നു അൽ ഇത്തിഹാദ് അവരുടെ പോർച്ചുഗീസ് പരിശീലകനായ നുനോ എസ്പിരിറ്റോ സാന്റോയെ പുറത്താക്കിയത്. അദ്ദേഹത്തിന് പകരമായി കൊണ്ടാണ് ഗല്ലാർഡോയെ ഇത്തിഹാദ് പരിഗണിക്കുന്നത്. ഇദ്ദേഹവുമായി ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം മുൻ റയൽ മാഡ്രിഡ് പരിശീലകനായിരുന്ന ജൂലൻ ലോപേട്യൂഗി ഇത്തിഹാദിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് ഗല്ലാർഡോയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തേക്ക് വന്നിട്ടുള്ളത്.

റിവർ പ്ലേറ്റിന് കോപ്പ ലിബർട്ടഡോറസ് കിരീടം നേടിക്കൊടുക്കാൻ കഴിഞ്ഞിട്ടുള്ള പരിശീലകനാണ് ഇദ്ദേഹം. മാത്രമല്ല സൗത്ത് അമേരിക്കയിലെ ഏറ്റവും മികച്ച പരിശീലകനുള്ള അവാർഡ് നിരവധി തവണ ഇദ്ദേഹം കരുത്തമാക്കിയിട്ടുണ്ട്. അതേസമയം നുനോയെ പുറത്താക്കിയതിനു ശേഷമുള്ള മത്സരത്തിൽ അൽ ഇത്തിഹാദ് മികച്ച വിജയം നേടിയിരുന്നു. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു അബഹയെ അവർ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മൂന്നു ഗോളുകളും ഒരു അസിസ്റ്റുമായിരുന്നു സൂപ്പർ താരം ബെൻസിമ കരസ്ഥമാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *