നെയ്മറെ കൊണ്ടുവന്നാൽ അത് ദുരന്തമായി മാറും :ഇന്റർമയാമിക്ക് മുന്നറിയിപ്പ്!
ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറെ കുറിച്ച് ഒരുപാട് റൂമറുകൾ പ്രചരിക്കുന്ന ഒരു സമയമാണിത്. നെയ്മർ വീണ്ടും പരിക്കിന്റെ പിടിയിൽ അകപ്പെട്ടിട്ടുണ്ട്.അടുത്ത ജനുവരിയിൽ മാത്രമാണ് അദ്ദേഹത്തിന് തിരിച്ചെത്താൻ കഴിയുക. എന്നാൽ അൽ ഹിലാൽ അദ്ദേഹത്തിന്റെ കോൺട്രാക്ട് റദ്ദാക്കിയേക്കും എന്നുള്ള റൂമറുകൾ വളരെയധികം സജീവമാണ്. നെയ്മർ തന്റെ മുൻ ക്ലബ്ബായ സാന്റോസിലേക്ക് പോവാൻ ആഗ്രഹിക്കുന്നു എന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമിക്ക് നെയ്മറിൽ താല്പര്യമുണ്ട് എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരുന്ന ജനുവരിയിൽ ഒരുപക്ഷേ നെയ്മറെ സ്വന്തമാക്കാൻ ഇന്റർമയാമി ശ്രമിച്ചേക്കും. എന്നാൽ ESPN ന്റെ ഫുട്ബോൾ പണ്ഡിറ്റായ സെബാസ്റ്റ്യൻ സലാസർ ഇക്കാര്യത്തിൽ ഇന്റർമയാമിക്ക് ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.നെയ്മറെ കൊണ്ടുവന്നാൽ അതൊരുപക്ഷേ ദുരന്തത്തിൽ കലാശിച്ചേക്കാം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. സെബാസ്റ്റ്യന്റെ വാക്കുകൾ ഇങ്ങനെയാണ്.
“അമേരിക്കൻ ലീഗിൽ മാർക്കറ്റിംഗിനാണ് മുൻഗണന.തീർച്ചയായും നെയ്മർ ഒരു വലിയ താരമാണ്.ഇന്റർമയാമിയുടെ കാഴ്ചപ്പാടിൽ നോക്കുകയാണെങ്കിൽ അദ്ദേഹം മാർക്കറ്റിംഗിന് സഹായകരമാകും. പക്ഷേ അദ്ദേഹത്തിന്റെ പരിക്കുകൾ അവഗണിക്കേണ്ടിവരും.അൽ ഹിലാൽ നെയ്മർക്ക് വേണ്ടി ചെയ്തത് നോക്കൂ. 90 മില്യൺ യൂറോ പിഎസ്ജിക്ക് നൽകി. കൂടാതെ നെയ്മർക്ക് സാലറിയും മറ്റുള്ള ആനുകൂല്യങ്ങളും നൽകി. എന്നിട്ട് നെയ്മർ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് കളിച്ചത്. അതൊരു ദുരന്തത്തിൽ കലാശിക്കുകയാണ് ചെയ്തിട്ടുള്ളത്.ഇന്റർമയാമി നെയ്മറെ കൊണ്ടുവന്നാലും ഇത് ആവർത്തിച്ചേക്കാം. വളരെ അപൂർവമായി മാത്രമാണ് അദ്ദേഹം കളിക്കുന്നത്.പക്ഷേ മെസ്സി,സുവാരസ് എന്നിവർക്കൊപ്പം പഴയപോലെ നെയ്മർക്ക് കളിക്കാൻ കഴിഞ്ഞാൽ അതൊരു മുതൽക്കൂട്ട് തന്നെയായിരിക്കും ” ഇതാണ് ESPN ന്റെ ഫുട്ബോൾ പണ്ഡിറ്റ് പറഞ്ഞിട്ടുള്ളത്.
വരുന്ന സമ്മറിലാണ് നെയ്മറുടെ കോൺട്രാക്ട് അവസാനിക്കുക. ഈ കരാർ പുതുക്കാൻ അൽ ഹിലാൽ താൽപര്യം കാണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നെയ്മർക്ക് ഈ സീസണിന് ശേഷം ക്ലബ്ബ് വിടേണ്ടി വന്നേക്കും. കേവലം 7 മത്സരങ്ങൾ മാത്രമാണ് ഇതുവരെ നെയ്മർ അൽ ഹിലാലിനു വേണ്ടി കളിച്ചിട്ടുള്ളത്.