ഞാൻ മജീഷ്യൻ എന്നാണ് നെയ്മറെ വിളിക്കാറുള്ളത്, അദ്ദേഹം അത് നേടിയെടുത്തത്: കൂലിബലി
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറെ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ സ്വന്തമാക്കിയത്. 90 മില്യൺ യൂറോയാണ് അവർ പിഎസ്ജിക്ക് നൽകിയത്.എന്നാൽ വിരലിൽ എണ്ണാവുന്ന മത്സരങ്ങൾ മാത്രമാണ് നെയ്മർ സൗദി ക്ലബ്ബിന് വേണ്ടി കളിച്ചത്. പിന്നീട് ഗുരുതരമായി പരിക്കേറ്റ നെയ്മർക്ക് സീസൺ മുഴുവൻ നഷ്ടമാവുകയും ചെയ്തിരുന്നു.
അൽ ഹിലാലിലെ നെയ്മറുടെ സഹതാരമാണ് പ്രതിരോധനിരയിലെ സൂപ്പർതാരമായ കൂലിബലി. നെയ്മറെ കുറിച്ച് ചില കാര്യങ്ങൾ ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. നെയ്മറെ താൻ മജീഷ്യൻ എന്നാണ് വിളിക്കാറുള്ളതെന്നും നെയ്മർ തന്നെ കഴിവ് കൊണ്ട് അത് നേടിയെടുത്തതാണ് എന്നുമാണ് കൂലിബലി പറഞ്ഞിട്ടുള്ളത്.പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ദി മിററിനോട് സംസാരിക്കുകയായിരുന്നു കൂലിബലി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞങ്ങളെ സംബന്ധിച്ചിടത്തോളം നെയ്മർ ജൂനിയർ വളരെ പ്രധാനപ്പെട്ട ഒരു താരമാണ്.ഞാൻ അദ്ദേഹത്തെ മജീഷ്യൻ എന്നാണ് വിളിക്കാറുള്ളത്.അദ്ദേഹം നേടിയെടുത്ത ഒരു പേരാണ് അത്. കാരണം അദ്ദേഹത്തിന്റെ കാലുകളിൽ ഒരുപാട് മാജിക്കുകൾ ഒളിഞ്ഞു കിടപ്പുണ്ട്. അദ്ദേഹം ബോൾ തൊടുന്ന സമയത്തെല്ലാം ആ മാന്ത്രികത നമുക്ക് കാണാൻ കഴിയും. വളരെ അവിശ്വസനീയമാണത് ” ഇതാണ് നെയ്മറെ കുറിച്ച് സഹതാരം പറഞ്ഞിട്ടുള്ളത്.
നെയ്മറുടെ മാന്ത്രിക നീക്കങ്ങൾ ആരാധകർ ഇപ്പോൾ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. വരുന്ന സീസണിൽ നെയ്മർ കളിക്കളത്തിലേക്ക് മടങ്ങിയെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇത്തവണത്തെ കോപ്പ അമേരിക്കയിൽ നെയ്മർ ഇല്ലാത്തത് ബ്രസീലിനും തിരിച്ചടിയാണ്. ബ്രസീലിനോടൊപ്പം ഇതുവരെ കോപ്പ അമേരിക്ക കിരീടം നേടാൻ സാധിക്കാത്ത നെയ്മർക്കും ഇത് നിരാശ നൽകുന്ന കാര്യമാണ്.