ചെറിയ ക്ലബ്ബുകൾക്കെതിരെ ഗോളടിക്കുന്നവൻ, ഏഷ്യയിൽ പോലും പോരാടാൻ സാധിക്കുന്നില്ല: ക്രിസ്റ്റ്യാനോയെ വിമർശിച്ച് മുൻ അൽ ഹിലാൽ പരിശീലകൻ.

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിൽ എത്തിയത്. തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെങ്കിലും പിന്നീട് ആവർത്തിക്കാൻ സാധിച്ചില്ല. മാത്രമല്ല ഒരു കിരീടം പോലുമില്ലാതെയാണ് ഈ സീസൺ റൊണാൾഡോ അവസാനിപ്പിച്ചത്. ആകെ കളിച്ച 19 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളാണ് അൽ നസ്റിന് വേണ്ടി റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിമർശിച്ചുകൊണ്ട് മുൻ അൽ ഹിലാൽ പരിശീലകനായിരുന്ന എമിലിയാനോ ഡയസ് ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോ ചെറിയ ക്ലബ്ബുകൾക്കെതിരെ ഗോളടിക്കുന്നവനാണെന്നും ഏഷ്യയിൽ പോലും പോരാടാൻ റൊണാൾഡോക്ക് ഇപ്പോൾ സാധിക്കുന്നില്ലെന്നുമാണ് ഡയസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോക്ക് ഇപ്പോൾ കഠിനമായ സമയമാണ്. അൽ ഹിലാൽ അദ്ദേഹത്തെ നേരിട്ടു. അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം നല്ല സമയമായിരുന്നു.ഞങ്ങൾക്കെതിരെ പന്ത് തൊടാൻ പോലും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. വലിയ ക്ലബ്ബുകൾക്കെതിരെയുള്ള മത്സരം വരുമ്പോൾ ഒരു വ്യത്യാസവും റൊണാൾഡോ ഇവിടെ സൃഷ്ടിക്കുന്നില്ല. ചെറിയ ചെറിയ ക്ലബ്ബുകൾക്കെതിരെയാണ് റൊണാൾഡോ മൂന്നും നാലും ഗോളുകൾ നേടുന്നത്. കിംഗ്സ് കപ്പും സൂപ്പർ കപ്പും സൗദി അറേബ്യൻ ലീഗും അവർക്ക് നഷ്ടമായി.ഏഷ്യയിൽ പോലും പോരാടാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല ” ഇതാണ് അൽ ഹിലാലിന്റെ മുൻ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ 19 മത്സരങ്ങളാണ് ആകെ ക്ലബ്ബിന് വേണ്ടി കളിച്ചിട്ടുള്ളത്.അതിൽ 11 മത്സരങ്ങളിലും ഗോൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. അതേസമയം അൽഹിലാൽ ലയണൽ മെസ്സിയെ സ്വന്തമാക്കാൻ വേണ്ടി പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ മെസ്സി അൽ ഹിലാലിനെ നിരസിക്കുകയും അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോവുകയുമാണ് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *