ക്രിസ്റ്റ്യാനോയേക്കാൾ മൂന്നിരട്ടി ശമ്പളം വേണം, എന്നാൽ മെസ്സി സൗദി അറേബ്യയിൽ എത്തിയേക്കും!

ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് അവസാനിക്കാൻ ഇനി കേവലം മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.തന്റെ ഭാവിയുടെ കാര്യത്തിൽ ഇതുവരെ മെസ്സി ഒരു തീരുമാനമെടുത്തിട്ടില്ല. ഉടൻ തന്നെ ഈ വിഷയത്തിലുള്ള തന്റെ തീരുമാനം പിഎസ്ജിയെ അറിയിക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെസ്സി ക്ലബ്ബ് വിടുമോ എന്നുള്ളത് ആരാധകർ ഉറ്റു നോക്കുന്ന ഒരു കാര്യമാണ്.

അങ്ങനെയാണെങ്കിൽ ലയണൽ മെസ്സി ഏത് ക്ലബ്ബിലേക്ക് പോകും എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്. യൂറോപ്പിൽ തന്നെ തുടരാനാണ് ലയണൽ മെസ്സി ആഗ്രഹിക്കുന്നതെങ്കിൽ അദ്ദേഹം പിഎസ്ജിയുമായി കരാർ പുതുക്കാനാണ് സാധ്യതയുള്ളത്.അതേസമയം MLS ക്ലബ്ബായ ഇന്റർ മിയാമിക്ക് മെസ്സിയിൽ വലിയ താല്പര്യം ഉണ്ട്.താരത്തെ സ്വന്തമാക്കാൻ വേണ്ടി ഏതറ്റം വരെ പോവാനും ഇന്റർ മിയാമി തയ്യാറാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു.

ഇപ്പോഴിതാ പ്രമുഖ സ്പാനിഷ് മാധ്യമമായ എൽ ചിരിങ്കിറ്റൊ ടിവി ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടുണ്ട്. അതായത് ലയണൽ മെസ്സിയെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന് താല്പര്യമുണ്ട്. നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ ഹിലാലിന്റെ ചിരവൈരികളായ അൽ നസ്‌റിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ആകെ 200 മില്യൺ യൂറോയാണ് റൊണാൾഡോക്ക് ക്ലബ് നൽകുക.ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാലറിയാണിത്.

ഈ സാലറിയെക്കാൾ കൂടുതൽ സാലറി അൽ ഹിലാൽ ക്ലബ്ബ് നൽകുകയാണെങ്കിൽ ലയണൽ മെസ്സി സൗദി അറേബ്യയിലേക്ക് വരുന്നത് പരിഗണിക്കും എന്നാണ് എൽ ചിരിങ്കിറ്റോ ടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെസ്സിയുടെ പിതാവും ഏജന്റുമായ ജോർഹെ മെസ്സി റൊണാൾഡോയുടെ മൂന്നിരട്ടി, അഥവാ 600 മില്യൺ യൂറോ സാലറിയായി കൊണ്ട് ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഇവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

നിലവിൽ ലയണൽ മെസ്സി സൗദി അറേബ്യയുടെ ടൂറിസം അംബാസിഡർ ആണ്. റൊണാൾഡോക്ക് പുറമെ മെസ്സിയെ കൂടി എത്തിക്കാൻ കഴിഞ്ഞാൽ അത് സൗദി അറേബ്യൻ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ നേട്ടമായിരിക്കും.പക്ഷേ ഇത്രയും വലിയ സാലറി നൽകാൻ അവർ തയ്യാറാകുമോ, ഇനി വാഗ്ദാനം ചെയ്താൽ തന്നെ മെസ്സി വരുമോ എന്നുള്ളതൊക്കെ കണ്ടറിയേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *