അന്ന് ക്രിസ്റ്റ്യാനോക്ക് കൂവൽ,ഇന്ന് കയ്യടി,ഇന്ന് കൂവ്വൽ ടാലിസ്ക്കക്ക്!

ഇന്നലെ നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ വമ്പൻ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഈ മത്സരത്തിൽ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്ക അൽ നസ്റിനെ പരാജയപ്പെടുത്തിയത്.ബെൻഫിക്കക്ക് വേണ്ടി ഗോൺസാലോ റാമോസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ എയ്ഞ്ചൽ ഡി മരിയ ഒരു ഗോൾ നേടുകയായിരുന്നു.

ബെൻഫിക്കയുടെ മൈതാനത്തായിരുന്നു ഈ സൗഹൃദ മത്സരം കളിച്ചിരുന്നത്. പതിനാറായിരത്തോളം ആരാധകർ ഈ മത്സരം വീക്ഷിക്കാൻ എത്തിയിരുന്നു. മത്സരത്തിന്റെ 85ആം മിനുട്ട് വരെ റൊണാൾഡോ കളിക്കളത്തിൽ ഉണ്ടായിരുന്നു.പിന്നീട് പരിശീലകൻ അദ്ദേഹത്തെ പിൻവലിച്ചു. ഈ സമയത്ത് ബെൻഫിക്ക ആരാധകർ കയ്യടിച്ചുകൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ യാത്രയാക്കിയത്.ചില കൂവലുകൾ ഉയർന്നുവെങ്കിലും കയ്യടികൾ അതിനെയെല്ലാം മറികടക്കുകയായിരുന്നു.

2007ൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലായിരുന്ന സമയത്ത് ബെൻഫിക്കക്കെതിരെ ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കാൻ വേണ്ടി ഈ മൈതാനത്ത് എത്തിയിരുന്നു. അന്ന് ബെൻഫിക്ക ആരാധകർ ഒന്നടങ്കം അദ്ദേഹത്തെ കൂവി വിളിച്ചിരുന്നു. ഇപ്പോൾ വർഷങ്ങൾക്കിപ്പുറം കയ്യടികളാണ് റൊണാൾഡോക്ക് ആ സ്റ്റേഡിയത്തിൽ നിന്നും ലഭിച്ചത്.

അതേസമയം അൽ നസ്റിന്റെ ബ്രസീലിയൻ സൂപ്പർതാരമായ ടാലിസ്ക്കക്ക് ഇന്നലത്തെ മത്സരത്തിനിടെ കൂവലുകൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. നേരത്തെ ബെൻഫിക്കക്ക് വേണ്ടി ടാലിസ്ക്കാ കളിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹം ക്ലബ്ബ് വിടുകയായിരുന്നു എന്നുള്ളത് മാത്രമല്ല ബെൻഫിക്ക ആരാധകരുമായി ചില അസ്വാരസങ്ങൾ ഉടലെടുത്തിരുന്നു. അതിന്റെ ഒരു ബാക്കി എന്നോണമാണ് ഈ ബ്രസീലിയൻ താരത്തിന് ബെൻഫിക്ക ആരാധകരിൽ നിന്നും കൂവലുകൾ ഏൽക്കേണ്ടിവന്നത്. ഏതായാലും കളിച്ച രണ്ട് പ്രീ സീസൺ സൗഹൃദമത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് അൽ നസ്ർ വഴങ്ങിയത്. അടുത്ത മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയാണ് അൽ നസ്റിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *