അധികം വൈകാതെ സൗദി ക്ലബ്ബുകൾ ചാമ്പ്യൻസ് ലീഗിൽ കാണും: ന്യൂകാസിൽ ഡയറക്ടർ

കഴിഞ്ഞ സമ്മറിലായിരുന്നു യൂറോപ്പിന് തങ്ങളുടെ പല സൂപ്പർതാരങ്ങളെയും നഷ്ടമായത്. സൗദി അറേബ്യൻ ക്ലബ്ബുകൾ നിരവധി മികച്ച താരങ്ങളെ സ്വന്തമാക്കുകയായിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവാണ് ഇതിനെല്ലാം കാരണമായത്. ഇന്ന് ഫുട്ബോൾ ലോകം ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്ന ലീഗുകളിൽ ഒന്നാണ് സൗദി അറേബ്യൻ ലീഗ്.

സൗദിയിലെ പ്രധാനപ്പെട്ട ക്ലബ്ബുകൾ യുവേഫ ചാമ്പ്യൻസ് ലീഗിൽ എത്തിയേക്കും എന്നുള്ള റൂമറുകൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ യുവേഫയുടെ പ്രസിഡണ്ടായ അലക്സാണ്ടർ സെഫറിൻ ഇക്കാര്യം നിഷേധിച്ചിരുന്നു. പക്ഷേ ന്യൂകാസിൽ യുണൈറ്റഡിന്റെ ഡയറക്ടർമാരിൽ ഒരാളായ അമാന്റ സ്റ്റാവിലി ഇക്കാര്യത്തിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ സൗദി ക്ലബ്ബുകളെ ചാമ്പ്യൻസ് ലീഗിൽ കാണാം എന്നാണ് ഇവർ പറഞ്ഞിട്ടുള്ളത്.അമാന്റയുടെ വാക്കുകൾ ഇങ്ങനെയാണ്.

” സൗദി ക്ലബ്ബുകൾ ചാമ്പ്യൻസ് ലീഗിൽ ഉണ്ടാകും എന്ന കാര്യത്തിൽ എനിക്ക് യാതൊരുവിധ സംശയവുമില്ല.അത് എപ്പോഴാണ് എന്നുള്ള കാര്യം എനിക്കറിയില്ല.പക്ഷേ സൗദിയെ എനിക്ക് നന്നായി അറിയാം, അതുകൊണ്ടുതന്നെ ഇത് അധികം സമയം എടുക്കില്ല ” ഇതാണ് ജിദ്ദയിൽ വച്ച് നടന്ന ബ്ലുംബർഗ് കോൺഫറൻസിൽ അവർ പറഞ്ഞിട്ടുള്ളത്.

നിലവിൽ സൗദി ക്ലബ്ബുകളെ ചാമ്പ്യൻസ് ലീഗിലേക്ക് കൊണ്ടുവരാൻ യുവേഫ ഉദ്ദേശിക്കുന്നില്ല. പക്ഷേ സൗദി അറേബ്യ അതിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. സൗദിയിലെ പ്രധാന ക്ലബ്ബുകളുടെ ഉടമസ്ഥത വഹിക്കുന്ന പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് തന്നെയാണ് ന്യൂകാസിൽ യുണൈറ്റഡിന്റെയും ഉടമസ്ഥർ. അവർ തങ്ങളുടെ പ്രവർത്തന മേഖല കൂടുതൽ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *