പെപ് ഗ്വാർഡിയോള പോർച്ചുഗല്ലിനെ അധിക്ഷേപിച്ചുവെന്ന ആരോപണവുമായി പോർട്ടോ കോച്ച് !

പെപ് ഗ്വാർഡിയോള തന്റെ രാജ്യമായ പോർച്ചുഗല്ലിനെ മോശം വാക്കുകളുപയോഗിച്ച് കൊണ്ട് അധിക്ഷേപിച്ചുവെന്ന ആരോപണവുമായി എഫ്സി പോർട്ടോ പരിശീലകൻ സെർജി സെർജിയോ കോൺസെഷ്യാവോ. കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ നടന്ന സിറ്റി-പോർട്ടോ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിനിടെ തന്നോടും തന്റെ താരങ്ങളോടും വളരെ മോശമായാണ് അദ്ദേഹം പെരുമാറിയത് എന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. കൂടാതെ അദ്ദേഹം റഫറിയിങ്ങിൽ സമ്മർദ്ദം ചെലുത്തിയെന്നും തങ്ങൾക്കെതിരായി വിധിക്കപ്പെട്ട പെനാൽറ്റി അത്‌ അർഹിച്ചതായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സിറ്റി പോർട്ടോയെ കീഴടക്കിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം ലഭിച്ച പെനാൽറ്റിയാണ് സിറ്റിയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്.

” എനിക്ക് ഗ്വാർഡിയോളയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. അദ്ദേഹം റഫറിമാരിൽ സമ്മർദ്ദം ചെലുത്തുന്ന രീതിയെ കുറിച്ച്, അദ്ദേഹം എതിർ താരങ്ങളോടും എതിർ ഡഗ്ഗൗട്ടിനോടും സംസാരിക്കുന്ന രീതിയെ കുറിച്ചെല്ലാം എനിക്ക് പഠിക്കാനുണ്ട്. അദ്ദേഹം ഒരു ഉത്തമഉദാഹരണമാണ്. അവരുമായി ഞങ്ങളെ താരതമ്യം ചെയ്യുമ്പോൾ ഞങ്ങൾ മാലാഖമാരാണ്. മോശം വാക്കുകൾ ഉപയോഗിച്ചാണ് അദ്ദേഹം എന്റെ രാജ്യമായ പോർച്ചുഗല്ലിനെ കുറിച്ച് സംസാരിച്ചത്. ഗ്വാർഡിയോളയുടെ പെരുമാറ്റം തീർത്തും മോശമായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ ഡഗ്ഗൗട്ട് തന്നെ വളരെമോശമായിരുന്നു. ഇതൊക്കെ കാണുമ്പോൾ പോർച്ചുഗല്ലിലെ റഫറിമാരോട് എനിക്ക് ക്ഷമ ചോദിക്കാൻ തോന്നുന്നു. ഈ ഇന്റർനാഷണൽ റഫറിമാർ പോർച്ചുഗല്ലിലെ റഫറിമാരിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട് ” പോർട്ടോ പരിശീലകൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *