റയൽ മാഡ്രിഡിന്റെ തോൽവികൾ, ഉത്തരവാദികൾ താരങ്ങൾ മാത്രമാണെന്ന് ആരാധകർ !

തുടർച്ചയായി രണ്ട് മത്സരങ്ങളിലാണ് റയൽ മാഡ്രിഡ്‌ പൊതുവെ ദുർബലരായ ടീമുകളോട് അട്ടിമറി തോൽവിയേറ്റുവാങ്ങിയത്. ലാലിഗയിലേക്ക് പുതുതായി വന്ന കാഡിസിനോടാണ് ഒരു ഗോളിന് റയൽ ആദ്യം തോൽവി അറിഞ്ഞത്. തുടർന്ന് ചാമ്പ്യൻസ് ലീഗിൽ ഷക്തർ ഡോണസ്ക്കിനോടും 3-2 എന്ന സ്കോറിന് റയൽ തോൽവിയേറ്റുവാങ്ങി. തുടർന്ന് വലിയ തോതിലുള്ള വിമർശനങ്ങളാണ് റയൽ മാഡ്രിഡ്‌ താരങ്ങൾക്ക് ആരാധകരിൽ നിന്നും കേൾക്കേണ്ടി വന്നത്. റയൽ ആരാധകരിൽ ഭൂരിഭാഗവും തോൽവിക്കുത്തരവാദികളായി കണക്കാക്കുന്നത് റയൽ മാഡ്രിഡ്‌ താരങ്ങളെയാണ്. സ്പാനിഷ് മാധ്യമമായ മാർക്ക നടത്തിയ പോളിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. മുപ്പതിനായിരത്തോളം വരുന്ന ആരാധകരാണ് പോളിൽ പങ്കെടുത്തത്. ഇതിൽ 62 ശതമാനം ആളുകളും തോൽവിയുടെ ഉത്തരവാദികൾ താരങ്ങൾ ആണ് എന്നാണ് ആരോപിക്കുന്നത്. ഇതിൽ തന്നെ മാഴ്‌സെലോ, ലുക്കാ ജോവിച്ച്, റാഫേൽ വരാനെ, എഡർ മിലിറ്റാവോ എന്നിവരാണ് ഏറ്റവും കൂടുതൽ ഉത്തരവാദികൾ എന്നാണ് ഇവരുടെ വാദം. വിനീഷ്യസ് ജൂനിയർ, കോർട്ടുവ എന്നിവർ മാത്രമാണ് വിമർശനങ്ങളിൽ നിന്നും രക്ഷപ്പെട്ടവർ.

27 ശതമാനം ആളുകളാണ് തോൽവിയുടെ ഉത്തരവാദിയായി സിദാനെ കാണുന്നത്. ഒമ്പത് ശതമാനം ആളുകൾ മാനേജ്മെന്റിനെയാണ് കുറ്റപ്പെടുത്തുന്നത്. എൽ ക്ലാസിക്കോയുടെ മത്സരഫലമായിരിക്കും സിദാന്റെ ഭാവി തീരുമാനിക്കുക എന്നാണ് ആരാധകരുടെ കണക്കുകൂട്ടലുകൾ. ഈ സമ്മർ ട്രാൻസ്ഫറിൽ സൈനിങ്‌ നടത്താത്തത് തെറ്റായി പോയി എന്നതാണ് 54 ശതമാനം പേര് വാദിക്കുന്നത്. 22 ശതമാനം പേര് കോവിഡ് പ്രതിസന്ധിയാണ് റയലിനെ ബാധിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്. റയൽ പുതിയ താരങ്ങളെ സൈൻ ചെയ്യാനെങ്കിലും ശ്രമിക്കണമായിരുന്നു എന്നാണ് 24 ശതമാനം ആളുകൾ പറയുന്നത്. അതേസമയം നായകൻ സെർജിയോ റാമോസ് ചുരുങ്ങിയത് രണ്ട് വർഷം കൂടി റയലിൽ തുടരണം എന്നാണ് 51 ശതമാനം ആളുകൾ അഭിപ്രായപ്പെടുന്നത്. 37 ശതമാനം ആളുകൾ അഭിപ്രായപ്പെടുന്നത് ഒരു വർഷം തുടർന്നാൽ മതി എന്നാണ്. അതേസമയം 12 ശതമാനം ആളുകൾ പറയുന്നത് ഇനി റാമോസിനെ വേണ്ട എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *