വീണ്ടും പോസിറ്റീവ്, ക്രിസ്റ്റ്യാനോ ബാഴ്‌സക്കെതിരെ കളിക്കാൻ ഇനി ഒരേയൊരു സാധ്യത മാത്രം !

യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗല്ലിനോടൊപ്പം തുടരുന്നതിനിടെയായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കോവിഡ് പരിശോധനഫലം പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചത്.തുടർന്ന് താരം ക്വാറന്റയിനിൽ പ്രവേശിക്കുകയും ഇറ്റലിയിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു. മാത്രമല്ല സിരി എ മത്സരവും ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരവുമൊക്കെ താരത്തിന് നഷ്ടമായിരുന്നു. തുടർന്ന് ഇന്ന് വീണ്ടും പരിശോധന നടത്തിയിരുന്നു. എന്നാൽ ഇതിലും താരത്തിന്റെ ഫലം പോസിറ്റീവ് ആണ് എന്നാണ് റിപ്പോർട്ടുകൾ. പോർച്ചുഗീസ് ന്യൂസ്‌പേപ്പറായ കൊറിയോ ഡാ മൻഹയെ ഉദ്ധരിച്ചു കൊണ്ട് സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്.

ഇതോടെ താരം എഫ്സി ബാഴ്സലോണക്കെതിരെ കളിക്കാനുള്ള സാധ്യതകൾ ഒന്നു കൂടെ കുറഞ്ഞു. താരത്തിന് ഇനി ബാഴ്സക്കെതിരെ കളിക്കണമെങ്കിൽ മുമ്പിൽ ഒരേയൊരു സാധ്യത മാത്രമേ ഒള്ളൂ. മത്സരത്തിന് 48 മണിക്കൂർ മുമ്പ് നടത്തുന്ന പരിശോധനയുടെ ഫലം നെഗറ്റീവ് ആയാൽ മാത്രമാണ് താരത്തിന് കളിക്കാൻ സാധിക്കുക. അതായത് ബുധനാഴ്ചയാണ് ചാമ്പ്യൻസ് ലീഗിൽ യുവന്റസ് ബാഴ്സയെ നേരിടുന്നത്. അതിനാൽ തന്നെ തിങ്കളാഴ്ച നടത്തുന്ന പരിശോധനയുടെ ഫലം നെഗറ്റീവ് ആയാൽ താരത്തിന് ബാഴ്സക്കെതിരെ കളിക്കാം. ഇല്ലെങ്കിൽ താരം പുറത്തിരിക്കേണ്ടി വരും. 2011-12 ന് ശേഷം മെസ്സിയും ക്രിസ്റ്റ്യാനോയും ചാമ്പ്യൻസ് ലീഗിൽ നേർക്കുനേർ വരാനിരിക്കുകയായിരുന്നു ഈ മത്സരത്തിൽ. എന്നാൽ ക്രിസ്റ്റ്യാനോക്ക് ഈ മത്സരം കളിക്കാൻ സാധിക്കുമോ എന്നുള്ളത് ആരാധകരെ ആശങ്കയിലാഴ്ത്തുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *