ക്രിസ്റ്റ്യാനോയുടെ അഭാവത്തിലും സ്വീഡനെ തകർത്തെറിഞ്ഞ് പറങ്കിപ്പട !

കോവിഡ് ബാധിതനായ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിലും സ്വീഡനെ തകർത്തെറിഞ്ഞ് പറങ്കിപ്പട. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ സ്വീഡനെ മറികടന്നത്. ഇരട്ട ഗോളും ഒരു അസിസ്റ്റും നേടിയ ലിവർപൂൾ സൂപ്പർ താരം ഡിയഗോ ജോട്ടയാണ് പോർച്ചുഗല്ലിന്റെ വിജയശില്പി. മത്സരത്തിലുടനീളം മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച പോർച്ചുഗൽ അർഹിച്ച വിജയം തന്നെയാണ് കരസ്ഥമാക്കിയത്. പന്ത് കൈവശം വെക്കുന്നതിൽ സ്വീഡൻ പോർച്ചുഗല്ലിനൊപ്പം പിടിച്ചു നിന്നെങ്കിലും ആക്രമണങ്ങൾ മെനയാൻ സ്വീഡന് സാധിച്ചില്ല. ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ പോർച്ചുഗലിന് കഴിഞ്ഞു. നാല് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റാണ് പോർച്ചുഗല്ലിന്റെ സമ്പാദ്യം.

ബെർണാഡോ സിൽവ, ഹാവോ ഫെലിക്സ്, ഡിയഗോ ജോട്ട എന്നീ ശക്തമായ ആക്രമണനിരയെയാണ് പോർച്ചുഗൽ പരിശീലകൻ കളത്തിലേക്കിറക്കി വിട്ടത്. 21-ആം മിനിട്ടിലാണ് അതിന് ഫലം കണ്ടത്. ഡിയഗോ ജോട്ടയുടെ അസിസ്റ്റിൽ നിന്ന് ബെർണാഡോ സിൽവ വലകുലുക്കി. 44-ആം മിനുട്ടിൽ ഹാവോ ക്യാൻസെലോയുടെ പാസിൽ നിന്ന് ഡിയഗോ ജോട്ടയും ലക്ഷ്യം കണ്ടു. ഈ രണ്ട് ഗോളിന്റെ ലീഡിലാണ് പോർച്ചുഗൽ ആദ്യ പകുതി പൂർത്തിയാക്കിയത്. 72-ആം മിനുട്ടിൽ വില്യം കാർവാൽഹോയുടെ വഴിയൊരുക്കലിൽ നിന്നും ജോട്ട ഒരു തവണ കൂടി ലക്ഷ്യം കണ്ടതോടെ പോർച്ചുഗീസ് ഗോൾപട്ടിക പൂർത്തിയായി. ഇനി നവംബർ പന്ത്രണ്ടിന് അന്റോറയുമായിട്ടാണ് പോർച്ചുഗൽ സൗഹൃദമത്സരം കളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *