ഒരല്പം ബഹുമാനം കാണിക്കാനെങ്കിലും പഠിക്കൂ, പെറുവിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് കാസമിറോ !

ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബ്രസീൽ പെറുവിനെ തകർത്തു വിട്ടത്. മത്സരത്തിൽ സൂപ്പർ താരം നെയ്മർ ജൂനിയറുടെ ഹാട്രിക്കാണ് ബ്രസീലിന് മിന്നുന്ന ജയം നേടികൊടുത്തത്. എന്നാൽ വലിയ രീതിയിലുള്ള വെല്ലുവിളിയാണ് പെറു ബ്രസീലിനെതിരെ ഉയർത്തിയത് എന്ന കാര്യത്തിൽ സംശയമില്ല. തങ്ങളുടെ ശാരീരികകരുത്ത് മുതലെടുത്ത പെറു താരങ്ങൾ മത്സരത്തിൽ പലപ്പോഴും കടുത്ത ഫൗളുകൾ നടത്തിയിരുന്നു. ഫലമായി രണ്ട് പെനാൽറ്റികളാണ് ബ്രസീലിന് അനുവദിച്ചു കിട്ടിയത്. മാത്രമല്ല, ഒരു താരം റെഡ് കാർഡ് കണ്ടു പുറത്തു പോവുകയും ചെയ്തു. പലപ്പോഴും തീരുമാനങ്ങൾ എടുക്കാൻ വേണ്ടി മത്സരത്തിലെ ചിലിയൻ റഫറി ജൂലിയോ ബാസ്‌ക്കുനാൻ ബുദ്ദിമുട്ടുന്നത് കാണാമായിരുന്നു. മാത്രമല്ല, പെറു താരങ്ങൾ മോശമായ രീതിയിലായിരുന്നു പലപ്പോഴും റഫറിയെ സമീപിച്ചത്. ഇതിനെതിരെ രൂക്ഷമായ വിമർശനം ഉയർത്തിയിരിക്കുകയാണ് ബ്രസീൽ താരം കാസമിറോ. മത്സരശേഷമാണ് പെറു താരങ്ങളുടെ പെരുമാറ്റത്തിനെതിരെയും പെറുവിയൻ ടെക്ക്നിക്കൽ കമ്മറ്റിക്കെതിരെയും താരം വിമർശനമുയർത്തിയത്.

” ഇവിടെ ബഹുമാനത്തിന്റെ അഭാവം നന്നായി കാണുന്നുണ്ട്. ലാറ്റിനമേരിക്കയെ കുറിച്ചാണ് സംസാരിക്കുന്നത്. ഒരൽപ്പം ബഹുമാനം കാണിക്കാനെങ്കിലും നമ്മൾ പഠിക്കണം. ചില സമയങ്ങളിൽ റഫറിയുടെ തീരുമാനങ്ങൾ തെറ്റായിരിക്കാം. പക്ഷെ അദ്ദേഹം എപ്പോഴും ഏറ്റവും മികച്ച തീരുമാനങ്ങൾ എടുക്കാനാണ് ശ്രമിക്കുക. വിആർ സംവിധാനത്തിന്റെ സഹായത്തോടെ അദ്ദേഹം മികച്ച തീരുമാനം എടുക്കാനാണ് ശ്രമിക്കുന്നത്. ആ സമയത്ത് നമ്മൾ അദ്ദേഹത്തെ ബഹുമാനിക്കുകയാണ് വേണ്ടത്. ലാറ്റിനമേരിക്കയിൽ പലപ്പോഴും ഇങ്ങനെയാണ്. യൂറോപ്പിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കാറുണ്ട്. പക്ഷെ അപൂർവമാണ്. പക്ഷെ നമ്മൾ റഫറിമാരോട് ഒരല്പം ബഹുമാനം കാണിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു ” കാസമിറോ പറഞ്ഞു. മത്സരത്തിൽ പല സന്ദർഭങ്ങളിലും വാറിന്റെ സഹായത്തോടെ തീരുമാനം എടുക്കാൻ റഫറി സമയം അധികമെടുത്തിരുന്നു. എന്നാൽ ഈ സമയത്തെല്ലാം പെറു താരങ്ങൾ അദ്ദേഹത്തെ ശല്യപ്പെടുത്തിയതിനെതിരെയാണ് കാസമിറോ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *