മെസ്സിയടക്കമുള്ള എല്ലാ താരങ്ങളെയും പല രീതിയിലാണ് ഉയരം ബാധിച്ചിട്ടുള്ളതെന്ന് സ്കലോണി !

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലെ രണ്ടാം റൗണ്ട് പോരാട്ടത്തിൽ ബൊളീവിയയെ നേരിടാനുള്ള ഒരുക്കത്തിലാണ് സ്കലോണിയുടെ നീലപ്പട. എന്നാൽ ലാപാസ് എന്ന മൈതാനം ചെറിയ തോതിലൊന്നുമല്ല അർജന്റീനയെ വേവലാതിപെടുത്തുന്നത്. 2009-ൽ ബൊളീവിയയോട് 6-1 ന് അർജന്റീന തോറ്റത് ഈ മൈതാനത്ത് വെച്ചായിരുന്നു. എന്നാൽ അവസാനമായി അർജന്റീനയും ബൊളീവിയയും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിലും അർജന്റീന തന്നെയാണ് തോറ്റത്. 2017-ൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന ഇതേ മൈതാനത്ത് വെച്ച് തന്നെ തോൽവി അറിഞ്ഞത്. സമുദ്രനിരപ്പിൽ നിന്നും 3000-ഓളം മീറ്റർ ഉയരത്തിലുള്ള സ്റ്റേഡിയത്തിൽ കളിക്കുന്നതിന്റെ ആശങ്ക പങ്കുവെച്ചിരിക്കുകയാണ് പരിശീലകൻ സ്കലോണി. ഓരോ താരങ്ങളെയും വ്യത്യസ്ഥമായ രീതിയിലാണ് ഉയരം ബാധിച്ചിട്ടുള്ളതെന്ന് സ്കലോണി വ്യക്തമാക്കി. ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അർജന്റീനയുടെ പരിശീലകൻ.ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-നാണ് മത്സരം അരങ്ങേറുക.

” ഇതൊരു പുതിയ അനുഭവമാണ്. മത്സരത്തിന്റെ രണ്ട് ദിവസം മുമ്പ് സ്ഥലത്ത് എത്തുകയും തുടർന്ന് ഒരു ദിവസം മാത്രം പരിശീലനം നടത്തുകയും പിന്നീട് കളിക്കുക എന്നുള്ളത് ഏറെ താല്പര്യം ജനിപ്പിക്കുന്ന കാര്യമാണ്. ബുദ്ധിമുട്ടിന്റെ പരമാവധിയാണ് ഞങ്ങൾ ഇവിടെ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അത്കൊണ്ട് തന്നെ ഓരോ താരവും മത്സരത്തിൽ എത്രത്തോളം ശ്രദ്ധ പതിപ്പിക്കണമെന്നതിന്റെ പ്രാധാന്യം അവർ മനസ്സിലാക്കിയിരിക്കണം. ഞങ്ങൾ പരമാവധി മികച്ച കളി തന്നെ പുറത്തെടുക്കാൻ ശ്രമിക്കും. ഞാൻ മെസ്സിയടക്കമുള്ള എല്ലാ താരങ്ങളോടും ഉയരത്തെ പറ്റി അന്വേഷിച്ചിരുന്നു. എല്ലാവരെയും വ്യത്യസ്ഥമായ രീതിയിലാണ് ഉയരം ബാധിച്ചിട്ടുള്ളത്. ഇത്തരമൊരു സാഹചര്യത്തിൽ എങ്ങനെയാണ് കളിക്കുക എന്നാണ് ഞങ്ങൾ ആലോചിക്കുന്നത്. പക്ഷെ ഇത് ഫുട്ബോളാണ്. എന്ത് വേണമെങ്കിലും സംഭവിക്കാം. ഉയരം ഞങ്ങൾക്ക്‌ തടസ്സമാണ് എന്നറിയാം. പക്ഷെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഞങ്ങൾ എങ്ങനെ കളിക്കുന്നു എന്നുള്ളതാണ് ” സ്കലോണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *