കരുത്തരുടെ പോരാട്ടം സമനിലയിൽ, പോർച്ചുഗൽ തന്നെ ഒന്നാമത് !

ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ ആരാധകർ ഉറ്റുനോക്കി കൊണ്ടിരുന്ന പോരാട്ടം സമനിലയിൽ കലാശിച്ചു. ഗ്രൂപ്പിൽ ത്രീയിൽ നടന്ന പോരാട്ടത്തിൽ ഫ്രാൻസും പോർച്ചുഗല്ലും തമ്മിൽ ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. മികച്ച പ്രകടനമാണ് ഇരുടീമുകളും പുറത്തെടുത്തതെങ്കിലും ഗോളുകൾ പിറക്കാത്തത് ആരാധകരെ നിരാശരാക്കി. ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. സമനിലയിൽ പിരിഞ്ഞതോടെ ഇരുടീമുകൾക്കും ഏഴ് പോയിന്റ് വീതമായി. എന്നിരുന്നാലും ഗോളടിസ്ഥാനത്തിൽ പോർച്ചുഗല്ലാണ് പോയിന്റ് ടേബിളിൽ ഒന്നാമത്. ഇനി അടുത്ത മത്സരത്തിൽ ഫ്രാൻസ് ക്രൊയേഷ്യയെ നേരിടുമ്പോൾ പോർച്ചുഗൽ സ്വീഡനെ നേരിടും.

ക്രിസ്റ്റ്യാനോ റൊണാൾഡോ, ബെർണാടോ സിൽവ, ഹാവോ ഫെലിക്സ് എന്നിവരായിരുന്നു പോർച്ചുഗല്ലിന്റെ മുന്നേറ്റത്തിൽ. മറുഭാഗത്ത് എംബാപ്പെ, ഗ്രീസ്‌മാൻ, ജിറൂദ് എന്നീ ത്രയം ഫ്രാൻസിനെ നയിച്ചു. ഇരുടീമുകളുടെയും പദ്ധതി ആക്രമിച്ചു കളിക്കുക എന്നത് തന്നെയായിരുന്നു. അത്കൊണ്ട് തന്നെ നിരവധി ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും മത്സരത്തിൽ കാണാനായി. ആർക്കും ആധിപത്യം പുലർത്താൻ കഴിയാതെ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചതെങ്കിലും ഗോൾമാത്രം മത്സരത്തിൽ പിറന്നില്ല. പോർച്ചുഗല്ലിന് വേണ്ടി ബ്രൂണോ ഫെർണാണ്ടസ് മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഇത് തുടർച്ചയായ രണ്ടാം സമനിലയാണ് പോർച്ചുഗൽ വഴങ്ങുന്നത്. കഴിഞ്ഞ സൗഹൃദമത്സരത്തിൽ സ്പെയിനിനോട് പോർച്ചുഗൽ ഗോൾരഹിത സമനില വഴങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *