അർജന്റീന ടീമിലേക്കെത്താനുള്ള പോരാട്ടം തുടരും, മെസ്സിയെ പിഎസ്ജിയിൽ എത്തിക്കാൻ ശ്രമിച്ചു, വെളിപ്പെടുത്തലുമായി ഡിമരിയ !

അർജന്റീന ടീമിലേക്കെത്താനുള്ള തന്റെ പോരാട്ടം തുടരുമെന്ന് പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരം ഡിമരിയ. കഴിഞ്ഞ ദിവസം അർജന്റൈൻ മാധ്യമമായ കോണ്ടിനെന്റലിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. അടുത്ത മാസം നടക്കുന്ന അർജന്റീനയുടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ ഇടം നേടാൻ ഡിമരിയക്ക് കഴിഞ്ഞിരുന്നില്ല. താരം മികച്ച ഫോമിൽ ആയിട്ടും പരിശീലകൻ ലയണൽ സ്കലോണി താരത്തെ തഴയുകയായിരുന്നു. ഇതിനെ തുടർന്നാണ് ഡിമരിയ തന്റെ നിലപാട് അറിയിച്ചത്. കൂടാതെ മെസ്സിയെ പിഎസ്ജിയിൽ എത്തിക്കാൻ താൻ ശ്രമിച്ചിരുന്നുവെന്നും ഡിമരിയ അറിയിച്ചു. ഇൻസ്റ്റാഗ്രാം വഴിയാണ് മെസ്സിയെ താൻ പിഎസ്ജിയിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

” അർജന്റീന ടീമിലേക്ക് ഞാൻ വിളിക്കപ്പെട്ടിട്ടില്ലെങ്കിൽ അതിനർത്ഥം എന്നെ അവർക്ക് വേണ്ട എന്ന് തന്നെയാണ്. പക്ഷെ അർജന്റീന ടീമിൽ ഇടം കണ്ടെത്താൻ വേണ്ടിയുള്ള പോരാട്ടങ്ങൾ ഞാൻ തുടരും. അതിന് വിരാമമില്ല. പലരും പറയുന്നത് എനിക്ക് മുപ്പത്തിരണ്ട് വയസ്സായി, ഇനി ഒന്നിനും കഴിയില്ല എന്നാണ്. പക്ഷെ എനിക്കിപ്പോഴും പഴയ പോലെ തന്നെ ഓടാൻ കഴിയുന്നുണ്ട്. എംബാപ്പെയുടെയും നെയ്മറുടെയുടെയും അതേ ലെവലിൽ തന്നെയാണ് ഞാനും. മെസ്സിക്ക് ബാഴ്സയിൽ തുടരാൻ താല്പര്യമില്ല എന്നറിഞ്ഞതോടെ ഞാൻ ചെയ്ത ആദ്യത്തെ കാര്യം അദ്ദേഹത്തിന് മെസ്സേജ് അയക്കുകയാണ്. ഇൻസ്റ്റഗ്രാം വഴിയാണ് മെസ്സേജ് അയച്ചത്. മെസ്സി പിഎസ്ജിയിലേക്ക് വന്നാൽ എങ്ങനെ ഉണ്ടാവുമെന്നാണ് അദ്ദേഹത്തോട് ഞാൻ ചോദിച്ചത് ” ഡിമരിയ പറഞ്ഞു. എന്നാൽ മെസ്സിയുടെ മറുപടി അദ്ദേഹം വെളിപ്പെടുത്തിയില്ല.

Leave a Reply

Your email address will not be published. Required fields are marked *