മെസ്സിയും സുവാരസും വഴിപിരിയുന്നു, ഇരുവരുടെയും ഗോളടിയിലെ കണക്കുകൾ അത്ഭുതപ്പെടുത്തുന്നത് !

അങ്ങനെ ബാഴ്‌സയിലെ സുവാരസ് യുഗത്തിന് കഴിഞ്ഞ ദിവസം അന്ത്യമായി. ഇന്നലെ സുവാരസ് ബാഴ്സ വിട്ട് അത്‌ലെറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുകയായിരുന്നു. ഇതോടെ എക്കാലത്തെയും മികച്ച ദ്വയങ്ങളിൽ ഒന്നാണ് പിരിയാൻ പോവുന്നത്. സൂപ്പർ താരമായ മെസ്സിയും സുവാരസും ഇനി ഒരുമിച്ച് കാണില്ല. ആറു വർഷം ഇരുവരും ചേർന്ന് ഗോൾമഴ പെയ്യിച്ച ശേഷമാണ് സുവാരസ് ബാഴ്‌സ വിട്ട് മാഡ്രിഡിലേക്ക് എത്തുന്നത്. ഇരുവരും കൂടി ഇതുവരെ അടിച്ചു കൂട്ടിയത് 478 ഗോളുകളാണ്. ഇതിൽ മെസ്സിയുടെ 280 ഗോളുകളും സുവാരസിന്റെ 198 ഗോളുകളും അടങ്ങുന്നു. 2014 ഒക്ടോബർ 25 ന് റയൽ മാഡ്രിഡിനെതിരായ മത്സരത്തിലാണ് മെസ്സിയും സുവാരസും ആദ്യമായി ഒന്നിക്കുന്നത്.

ഈ ആറു വർഷത്തിനുള്ളിൽ 908 ഗോളുകളാണ് ബാഴ്‌സ മൊത്തം നേടിയത്. ഇതിൽ 478 എണ്ണവും ഇരുവരുടെയും വകയായിരുന്നു. അതായത് 52.64 ശതമാനം ഗോളുകളും ഇരുവരും കൂടി നേടി എന്നർത്ഥം. സുവാരസ് വരുന്നതിന് മുമ്പ് മെസ്സി 437 മത്സരങ്ങളിൽ നിന്ന് 363 ഗോളുകൾ നേടിയിരുന്നു. 2015/16 സീസണിലാണ് ഇരുവരും ചേർന്ന് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്. നൂറ് ഗോളുകൾ ആണ് ഇരുവരും അടിച്ചത്. 59 ഗോളുകൾ സുവാരസ് നേടിയപ്പോൾ മെസ്സി 41 എണ്ണം നേടി. അന്ന് ഗോൾഡൻ ഷൂ സുവാരസിനായിരുന്നു.ഇനി അസിസ്റ്റിന്റെ കണക്കിലേക്ക് വന്നാൽ ആകെ 86 അസിസ്റ്റുകളാണ് ഇരുവരും പങ്കിട്ടിട്ടുള്ളത്. ഇതിൽ 39 എണ്ണം മെസ്സി സുവാരസിന് നൽകിയപ്പോൾ 47 എണ്ണം സുവാരസ് മെസ്സിക്ക് നൽകി. ഇരുവരും 176 ലീഗ് മത്സരങ്ങളിൽ ആണ് ഇതുവരെ ഒരുമിച്ച് ഇറങ്ങിയത്. അതിൽ 129 മത്സരങ്ങളിൽ വിജയിച്ചു. 32 മത്സരങ്ങൾ സമനിലയിൽ കലാശിച്ചപ്പോൾ 15 മത്സരങ്ങളിൽ തോൽവി അറിഞ്ഞു. ആകെ ലീഗിൽ ഈ മത്സരങ്ങളിൽ നിന്നായി 297 ഗോളുകൾ നേടി. ഇനി ഇത്പോലെ ഒരു താരത്തെ കണ്ടെത്തുക എന്നുള്ളത് മെസ്സിക്കും സുവാരസിനും അസാധ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *