അൻസു ഫാറ്റി ഇനി ഫസ്റ്റ് ടീമിനൊപ്പം, നിശ്ചയിച്ചിരിക്കുന്നത് ഭീമൻ റിലീസ് ക്ലോസ്.

ബാഴ്സയുടെ യുവസൂപ്പർ താരം അൻസു ഫാറ്റിയെ ഇനി മറ്റേതെങ്കിലും ടീമിന് സ്വന്തമാക്കുക എന്നുള്ളത് കേവലം സ്വപ്നമായി അവശേഷിക്കും. താരത്തിന് ഭീമമായ റിലീസ് ക്ലോസാണ് ബാഴ്‌സ നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. താരത്തെ ഫസ്റ്റ് ടീമിന്റെ ഭാഗമാക്കിയതോടൊപ്പമാണ് റിലീസ് ക്ലോസ് ബാഴ്സ ഉയത്തിയത്. കഴിഞ്ഞ സീസണിൽ താരം ബാഴ്സയുടെ സീനിയർ ടീമിനൊപ്പമാണ് കളിച്ചിരുന്നത് എങ്കിലും താരം ബാഴ്സ ബിയുടെ താരമായിരുന്നു. എന്നാൽ താരത്തെ അടുത്ത സീസണിലേക്ക് ഫസ്റ്റ് ടീമിലേക്ക് പ്രൊമോഷൻ നൽകുകയായിരുന്നു. ഇതോടൊപ്പം തന്നെ 400 മില്യൺ റിലീസ് ക്ലോസ് നിശ്ചയിക്കുകയും ചെയ്തു. പ്രൊമോഷൻ ലഭിച്ചതോടെ താരത്തിന്റെ വേതനത്തിലൊക്കെ വർധനവുണ്ടാകും. കൂടാതെ ബാഴ്സയുടെ 22-ആം നമ്പർ ജേഴ്‌സി താരത്തിന് നൽകിയിട്ടുണ്ട്. ആർതുറോ വിദാൽ പോയതോടെയാണ് ഫാറ്റിക്ക് 22-ആം നമ്പർ ജേഴ്സി ലഭിച്ചത്.

മുമ്പ് ഫ്രാങ്ക് ഡി ബോയർ, എറിക് അബിദാൽ, ഡാനി ആൽവെസ് എന്നിവർ ധരിച്ച ജേഴ്സിയാണ് ഇരുപത്തി രണ്ടാം നമ്പർ ജേഴ്സി. ഇതാണ് കേവലം പതിനേഴുകാരൻ ഇനി അണിയാൻ പോവുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ആയിരുന്നു താരം ബാഴ്‌സക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നത്. തുടർന്ന് ആദ്യ സ്റ്റാർട്ടിൽ തന്നെ ഫാറ്റി വലൻസിയക്കെതിരെ ഗോളും അസിസ്റ്റും കണ്ടെത്തി. കഴിഞ്ഞ സീസണിൽ മുപ്പത്തിമൂന്ന് മത്സരങ്ങളിൽ നിന്നായി എട്ട് ഗോളുകൾ താരം നേടിയിട്ടുണ്ട്. കൂടാതെ ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും താരം റെക്കോർഡുകൾ കുറിച്ചിട്ടുണ്ട്. നേഷൻസ് ലീഗിൽ ഗോൾ കണ്ടെത്തിയത്തോടെ സ്പെയിനിന് വേണ്ടി ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും താരം സ്വന്തമാക്കിയിരുന്നു. എന്നാൽ ഈ സീസണിൽ പരിക്ക് മൂലം ആദ്യ രണ്ട് പ്രീ സീസൺ മത്സരത്തിലും താരത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. തുടർന്ന് എൽചെക്കെതിരെയുള്ള മത്സരത്തിൽ താരം കളത്തിലിറങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *