വിയ്യയുടെ അനുഭവം മുന്നിൽ, ആവർത്തിക്കാതിരിക്കാൻ സുവാരസിന്റെ അത്‌ലെറ്റിക്കോയിലേക്കുള്ള പോക്ക് ബർതോമ്യു തടഞ്ഞു?

സൂപ്പർ താരം ലൂയിസ് സുവാരസ് അത്‌ലെറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള അവസാനവട്ട ഒരുക്കങ്ങളിലായിരുന്നു. ബാഴ്സയും താരവും തമ്മിലുള്ള കരാർ അവസാനിപ്പിച്ചുവെന്നും ഫലമായി സുവാരസിന് ഫ്രീ ഏജന്റ് ആയി കൊണ്ട് അത്‌ലെറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറാം എന്നുമായിരുന്നു വാർത്തകൾ. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞതായാണ് അറിയാൻ കഴിയുന്നത്. സുവാരസിന്റെ പോക്ക് ബാഴ്‌സ പ്രസിഡന്റ്‌ ബർതോമ്യു തടഞ്ഞു എന്നാണ് ഇപ്പോൾ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്. സ്പാനിഷ് മാധ്യമങ്ങളായ സ്പോർട്ട്, എഎസ്സ് എന്നിവർ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. തങ്ങളുടെ എതിരാളികളായ ക്ലബ്ബിലേക്ക് താരത്തെ പറഞ്ഞയക്കാൻ ബാഴ്സക്ക് താല്പര്യമില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. മുമ്പ് ഡേവിഡ് വിയ്യയെ അത്‌ലെറ്റിക്കോ മാഡ്രിഡിലേക്ക് പോകാൻ അനുവദിച്ചതിന്റെ അനന്തരഫലങ്ങളും ഈ തീരുമാനത്തെ സ്വാധീനിച്ചതായാണ് വാർത്തകൾ.

മുമ്പ് ഡേവിഡ് വിയ്യയെ ബാഴ്സലോണ അത്‌ലെറ്റിക്കോ മാഡ്രിഡിലേക്ക് പോവാൻ അനുവദിച്ചിരുന്നു. കേവലം രണ്ട് മില്യൺ യുറോ മാത്രമായിരുന്നു താരത്തിന് വേണ്ടി ബാഴ്സ കൈപ്പറ്റിയിരുന്നത്. എന്നാൽ ഈ നീക്കം ബാഴ്സക്ക് തന്നെ തിരിച്ചടിയാവുകയായിരുന്നു. ആ സീസണിൽ അത്‌ലെറ്റിക്കോ മാഡ്രിഡിനെ ലാലിഗ ചാമ്പ്യൻമാരാക്കാൻ ഡേവിഡ് വിയ്യക്ക് കഴിഞ്ഞിരുന്നു. മാത്രമല്ല സ്പാനിഷ് സൂപ്പർ കപ്പിൽ ബാഴ്‌സക്കെതിരെ താരം ഗോൾ നേടുകയും ചെയ്തിരുന്നു.കൂടാതെ ആ വർഷം ബാഴ്‌സയെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താക്കിയത് അത്ലറ്റിക്കോ മാഡ്രിഡ്‌ ആയിരുന്നു. ചുരുക്കത്തിൽ ഡേവിഡ് വിയ്യയുടെ വരവ് അത്‌ലെറ്റിക്കോ മാഡ്രിഡിനെ ആ സമയത്ത് ബാഴ്‌സയെക്കാളും വലിയ ശക്തികളാക്കുകയാണ് ചെയ്തത്. അത്‌ ഇനിയും ആവർത്തിക്കുമോ എന്ന ഭയം കാരണമാണ് ബാഴ്സ പ്രസിഡന്റ്‌ സുവാരസിന്റെ പോക്ക് തടഞ്ഞത് എന്നാണ് സ്പോർട്ടിന്റെ കണ്ടെത്തൽ. ഏതായാലും സുവാരസിനെ അത്‌ലെറ്റിക്കോക്ക് വെറുതെ കൈമാറാൻ ബാഴ്സ ഒരുക്കമല്ല. സുവാരസാവട്ടെ ബാഴ്‌സയുടെ തീരുമാനങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *