ടോട്ടൻഹാമിലായാലും ബെയ്ലിന് രക്ഷയില്ല, താരം ഒരു മാസം പുറത്ത് !

കഴിഞ്ഞ ദിവസമാണ് വെയിൽസിന്റെ സൂപ്പർ താരം ഗാരെത് ബെയ്ൽ തന്റെ പഴയ ക്ലബായ ടോട്ടൻഹാമിൽ എത്തിച്ചേർന്നത്. ഇന്നലെ മാഡ്രിഡിൽ നിന്നും തിരിച്ച ബെയ്ൽ ലണ്ടനിൽ എത്തുകയും തുടർന്ന് ടോട്ടൻഹാമിന്റെ പരിശീലനമൈതാനത്തേക്ക് എത്തിച്ചേരുകയും ചെയ്തിരുന്നു. എന്നാൽ താരത്തെ കാത്തിരുന്നത് അത്ര ശുഭകരമായ വാർത്തയായിരുന്നില്ല. പരിക്കോടെ സ്പർസിൽ എത്തിച്ചേർന്ന താരം തന്റെ മടങ്ങി വരവിലെ അരങ്ങേറ്റത്തിനായി ഒരു മാസം കൂടി കാത്തിരിക്കേണ്ടി വന്നേക്കും. യുവേഫ നേഷൻസ് ലീഗിൽ വെയിൽസിന് വേണ്ടി കളിക്കുന്നതിനിടെ താരത്തിന് പരിക്കേറ്റിരുന്നു.ഇതാണ് ബെയ്‌ലിനെ ഇപ്പോൾ ചതിച്ചിരിക്കുന്നത്. താരം ഫിറ്റ്നസ് വീണ്ടെടുക്കാൻ ഒരു മാസമെങ്കിലും ആവുമെന്നാണ് കണ്ടെത്തൽ. മുപ്പത്തിയൊന്നുകാരനായ താരത്തിന് നവംബറിൽ മാത്രമേ സ്പർസിനായി കളത്തിലിറങ്ങാൻ സാധ്യമാവുകയൊള്ളൂ എന്നാണ് കണക്കുക്കൂട്ടുന്നത്.

ഒരു വർഷത്തെ ലോണിൽ ആണ് താരം തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. മാത്രമല്ല താരത്തിന്റെ പകുതി സാലറി റയൽ മാഡ്രിഡ്‌ തന്നെയാണ് വഹിക്കുക. റയൽ മാഡ്രിഡിന്റെ മറ്റൊരു ഫുൾ ബാക്കായ സെർജിയോ റെഗിലോണും താരത്തോടൊപ്പം ടോട്ടൻഹാമിൽ എത്തുന്നുണ്ട്. പക്ഷെ കളിക്കാൻ ബെയ്ൽ പരിക്കിൽ നിന്ന് മുക്തനായെ മതിയാകൂ. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഒരു മാസം താരം വെളിയിൽ ഇരിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്‌ ചെയ്തത്. റയലിൽ തന്നെ കഴിഞ്ഞ കുറെ മത്സരങ്ങൾ താരത്തിന് പരിക്ക് മൂലം നഷ്ടമായിരുന്നു. ഫെബ്രുവരിക്ക് ശേഷം കേവലം 215 മിനുട്ടുകൾ മാത്രമാണ് രാജ്യത്തിനായും ക്ലബ്ബിനായും താരം പന്തു തട്ടിയത്.ബെയ്‌ലിന്റെ മെഡിക്കൽ ടെസ്റ്റുകൾ മാഡ്രിഡിൽ വെച്ചായിരുന്നു പൂർത്തിയാക്കിയിരുന്നത്. ടോട്ടൻഹാമിൽ എത്തിയ താരത്തിന് വലിയ തോതിലുള്ള വരവേൽപ്പാണ് താരത്തിന്റെ മുൻ ആരാധകരിൽ നിന്നും ലഭിച്ചാത്. 2013-ൽ 86 മില്യൺ പൗണ്ട് എന്ന റെക്കോർഡ് തുകക്കായിരുന്നു താരം റയലിൽ എത്തിയത്. ലോണിന് ശേഷം താരത്തെ നിലനിർത്താനുള്ള ഓപ്ഷനും ടോട്ടൻഹാമിന് ലഭിച്ചേക്കും. പക്ഷെ റയലിന്റെ സബ്‌സിഡി കുറച്ചാലും പതിമൂന്നു മില്യൺ പൗണ്ട് ടോട്ടൻഹാമിന് ചിലവ് വരും. പക്ഷെ താരത്തിന്റെ പരിക്കാണ് തലവേദന സൃഷ്ടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *