ഇരുപത് വർഷങ്ങൾക്ക് മുമ്പ് മെസ്സി ബാഴ്‌സയിൽ എത്തി, പിന്നീട് നടന്നത് ചരിത്രം !

ഇതിഹാസതാരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിൽ എത്തിയിട്ട് ഇന്നേക്ക് ഇരുപത് വർഷങ്ങൾ തികയുന്നു. കൃത്യമായി പറഞ്ഞാൽ സെപ്റ്റംബർ 17, 2000-ലാണ് മെസ്സി ബാഴ്സയിൽ അംഗമാവുന്നത്. പിന്നീടങ്ങോട്ട് ഇരുപത് വർഷത്തെ ജൈത്രയാത്ര ഇന്നിവിടം വരെ എത്തി നിൽക്കുന്നു. പതിമൂന്ന് വയസ്സുള്ളപ്പോഴാണ് മെസ്സി പിതാവായ ജോർഗെക്കൊപ്പം ബാഴ്സയിൽ വന്നിറങ്ങുന്നത്. പിന്നീട് താരത്തിന്റെ വളർച്ച ലോകം അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. 2003 നവംബർ പതിനാറിനാണ് മെസ്സി പോർട്ടോക്കെതിരെ ഫ്രാങ്ക് റൈക്കാർഡിന് കീഴിൽ അരങ്ങേറുന്നത്. എന്നാൽ അതൊരു സൗഹൃദമത്സരമായിരുന്നു. പിന്നീട് ഏകദേശം ഒരു വർഷം കൂടി മെസ്സിക്ക് കാത്തിരിക്കേണ്ടി വന്നു തന്റെ ഔദ്യോഗിക അരങ്ങേറ്റത്തിനായി. ഒടുവിൽ 2004 ഒക്ടോബർ പതിനാറിന് മെസ്സി എസ്പനോളിനെതിരെ തന്റെ ഔദ്യോഗിക അരങ്ങേറ്റം കുറിച്ചു. അന്ന് മുതൽ ഇന്ന് വരെ ബാഴ്സയുടെ നെടുംതൂണായി മെസ്സി ടീമിനൊപ്പമുണ്ട്.

ഇരുപത് വർഷത്തെ കരിയറിൽ ടീമിനൊപ്പവും വ്യക്തിഗതമായും ഒട്ടേറെ നേട്ടങ്ങൾ മെസ്സി കുറിച്ചു. ആകെ 34 കിരീടനേട്ടങ്ങളിൽ മെസ്സി പങ്കാളിയായി. 10 ലാലിഗ, 4 ചാമ്പ്യൻസ് ലീഗ്, 6 കിങ്‌സ് കപ്പ്‌, 3 ക്ലബ് വേൾഡ് കപ്പ്, 8 സ്പാനിഷ് സൂപ്പർ കപ്പ്, 3 യൂറോപ്യൻ സൂപ്പർ കപ്പ് എന്നിവ മെസ്സി ബാഴ്സക്കൊപ്പം നേടി. ആറു ബാലൺ ഡിയോർ, ആറു ഗോൾഡൻ ബൂട്ട്, ഏഴ് ലാലിഗ പിച്ചിച്ചി എന്നിവ മെസ്സിയുടെ കരിയറിലെ പൊൻ‌തൂവലുകളാണ്.2014-ലെ വേൾഡ് കപ്പ് ഗോൾഡൻ ബോളും വിലമതിക്കാനാവാത്ത ഒരു നേട്ടമാണ്. ബാഴ്സക്ക് വേണ്ടി 634 ഗോളുകൾ നേടിയ താരം 444 ഗോളുകൾ ലാലിഗയിൽ അടിച്ചു കൂട്ടിയിട്ടുണ്ട്. ഇരുപത് വർഷത്തെ ബാഴ്സയോടൊപ്പമുള്ള യാത്ര ഈ ട്രാൻസ്ഫറിൽ അവസാനിപ്പിക്കുമെന്ന് തോന്നിച്ചുവെങ്കിലും അതുണ്ടായില്ല. കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധികളിൽ അകപ്പെട്ടിരിക്കുന്ന മെസ്സി അതിശക്തമായി തന്നെ തിരിച്ചു വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *