ഇനി അന്യ ഗ്രഹത്തിൽ നിന്നുള്ള താരത്തിനൊപ്പം കളിക്കാം: മെസ്സിയെ വാഴ്ത്തി പ്യാനിക്ക്

മിറലം പ്യാനിക്കിനെ FC ബാഴ്സലോണ തങ്ങളുടെ താരമായി ഔദ്യോഗികമായി അവതരിപ്പിച്ചു. കഴിഞ്ഞ സീസണിൽ ആർതർ മെലോ അണിഞ്ഞിരുന്ന എട്ടാം നമ്പർ ജഴ്സിയാണ് പ്യാനിക്കിന് നൽകിയിരിക്കുന്നത്. പ്രസൻ്റേഷൻ ചടങ്ങിൽ സംസാരിച്ച ബോസ്നിയൻ താരം ബാഴ്സയിൽ കളിക്കുന്നത് സ്വപ്ന സാക്ഷാത്ക്കാരമാണെന്നും ലയണൽ മെസ്സിക്കൊപ്പം കളിക്കുന്നത് സന്തോഷകരമാണെന്നും പറഞ്ഞു.

മെസ്സിയെക്കുറിച്ച് പ്യാനിക്ക് പറഞ്ഞ്

“ലോകത്തെ മികച്ച താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ഫ്രാൻസിസ്കോ ടോട്ടിക്കും ഒപ്പം കളിക്കാൻ എനിക്കായിട്ടുണ്ട്. ഇനി ഒരു അന്യ ഗ്രഹത്തിൽ നിന്നുള്ള താരത്തോടൊപ്പം പന്ത് തട്ടാനുള്ള അവസരമാണ് എനിക്ക് കൈവന്നിരിക്കുന്നത്. മെസ്സിയെ മറ്റൊരു ജഴ്സിയിൽ ഞാൻ കണ്ടിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം അത് അസാധ്യമാണ്. അദ്ദേഹത്തോടൊപ്പം കളിക്കുക എന്നതാണ് എൻ്റെ ആഗ്രഹം. രണ്ട് മൂന്ന് ദിവസം മുമ്പ് മാത്രമാണ് ഞാൻ മെസ്സിയെ കണ്ടത്. ഇതു വരെ ഒരുമിച്ച് ട്രെയ്ൻ ചെയ്യാൻ ആയിട്ടില്ല. മൊത്തം ടീമിനൊപ്പം സന്തോഷത്തോടെ ഒരുമിച്ച് പോകാനാണ് എനിക്കിഷ്ടം. ടീമിലെ 25 പേരും പ്രധാനപ്പെട്ടവരാണ്.”

ബാഴ്സയെക്കുറിച്ച് പറഞ്ഞത്

എനിക്ക് ആറുവയസ്സുള്ളപ്പോഴെ ഇവിടെ എത്തണമായിരുന്നു. കുഞ്ഞായിരുന്നപ്പോൾ മുതൽ ഈ ക്ലബ്ബിന് വേണ്ടി കളിക്കുക എന്നത് എൻ്റെ സ്വപ്നമായിരുന്നു. ഞാൻ ചെയ്ത കാര്യങ്ങളിൽ എനിക്ക് അഭിമാനമുണ്ട്, ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബിലാണ് ഞാനിപ്പോഴുള്ളത്. ഡ്രസ്സിംഗ് റൂമിലേക്ക് കടന്നപ്പോൾ തന്നെ ഈ ക്ലബ്ബിൻ്റെ മഹത്തായ പാരമ്പര്യം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ഈ ചാമ്പ്യന്മാർക്കൊപ്പം കളിക്കാനുള്ള മഹത്തായ അവസരമാണ് എനിക്ക് കൈവന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *