വീണ്ടും റെക്കോർഡിട്ട് റാമോസ്, തകർത്തത് അർജന്റൈൻ ഇതിഹാസത്തിന്റെ റെക്കോർഡ് !

സ്പെയിനിന്റെയും റയൽ മാഡ്രിഡിന്റെയും നായകൻ സെർജിയോ റാമോസ് ഫുട്ബോൾ ചരിത്രത്തിൽ റെക്കോർഡുകൾ എഴുതിചേർക്കുന്ന തിരക്കിലാണ്. ലാലിഗ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ഡിഫൻഡർ എന്ന റെക്കോർഡിന് പുറമെ മറ്റൊരു റെക്കോർഡ് കൂടി ഇന്നലെ റാമോസ് സ്വന്തം പേരിലാക്കി. അന്താരാഷ്ട്ര ഫുട്‍ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചു കൂട്ടിയ ഡിഫൻഡർ എന്ന നേട്ടം ഇനി റാമോസിന്റെ പേരിലാണ്. ഇന്നലെ നേഷൻസ് ലീഗിൽ ഉക്രൈനെതിരെ നടന്ന മത്സരത്തിൽ റാമോസ് ഇരട്ടഗോളുകൾ നേടിയിരുന്നു. ഈ ഗോളുകളാണ് താരത്തിന് ഈയൊരു നേട്ടത്തിന് അർഹനാക്കിയത്. ഇന്നലത്തെ ഇരട്ടഗോൾ നേട്ടത്തോടെ സ്പെയിനിന് വേണ്ടി റാമോസ് ഇരുപത്തിമൂന്ന് ഗോളുകൾ നേടികഴിഞ്ഞു. ഒരു പ്രതിരോധനിര താരം തന്റെ രാജ്യത്തിന് വേണ്ടി നേടുന്ന ഏറ്റവും കൂടുതൽ ഗോളുകളാണ് ഇത്. റാമോസ് തകർത്തതാവട്ടെ അർജന്റീനയുടെ ഇതിഹാസഡിഫൻഡർ ഡാനിയേൽ പസറല്ലയുടെ റെക്കോർഡും.

70 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളായിരുന്നു ഈ ഡിഫൻഡർ അർജന്റീനക്ക് വേണ്ടി നേടിയിരുന്നത്. എന്നാൽ ഇന്നലെ ഉക്രൈനെതിരെ പെനാൽറ്റി ഗോൾ നേടിയതോടെ റാമോസ് ഈ നേട്ടത്തിനൊപ്പമെത്തുകയായിരുന്നു. തുടർന്ന് താരത്തിന്റെ ഹെഡർ ഗോൾ കൂടി വന്നതോടെ ഇരുപത്തിമൂന്ന് ഗോളുകൾ പൂർത്തിയാക്കി കൊണ്ടു അർജന്റൈൻ താരത്തിന്റെ റെക്കോർഡ് ഭേദിക്കപ്പെട്ടു. എന്നാൽ 172 മത്സരങ്ങൾ എടുക്കേണ്ടി വന്നു റാമോസിന് ഈ റെക്കോർഡ് തകർക്കാൻ. മാത്രമല്ല രാജ്യത്തിനായി എടുത്ത അവസാനഏഴ് പെനാൽറ്റികളും വിജയകരമായി പൂർത്തിയാക്കാൻ റാമോസിന് കഴിഞ്ഞിട്ടുണ്ട്. നിലവിൽ സ്പെയിനിന്റെ എക്കാലത്തെയും ടോപ് സ്കോറെർമാരിൽ എട്ടാം സ്ഥാനത്ത് എത്താൻ താരത്തിന് കഴിഞ്ഞു. നിലവിൽ ആൽഫ്രഡോ ഡി സ്‌റ്റെഫാനോയുടെ 23 ഗോളുകൾക്ക് ഒപ്പമാണ് റാമോസ്. ഇനി മുന്നിലുള്ളത് 26 ഗോളുകൾ നേടിയ എമിലിയോ ബുട്രഗിനോയാണ്.

Leave a Reply

Your email address will not be published. Required fields are marked *