ബാഴ്സയെ നാണംകെടുത്തി ഇരുപത്തിയൊന്നാം ദിനത്തിൽ കൂട്ടീഞ്ഞോ മടങ്ങിയെത്തി !

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവികളിൽ ഒന്നായിരുന്നു ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ എഫ്സി ബാഴ്സലോണ ബയേൺ മ്യൂണിക്കിനോട് വഴങ്ങിയത്. അതിനെ തുടർന്ന് ബാഴ്സയിൽ പൊട്ടിപ്പുറപ്പെട്ടത് രൂക്ഷമായ പ്രതിസന്ധിയായിരുന്നു. മത്സരത്തിൽ ബയേണിന്റെ ജയത്തിൽ നിർണായകപങ്ക് വഹിച്ച താരങ്ങളിൽ ഒരാൾ ഫിലിപ്പെ കൂട്ടീഞ്ഞോ ആണ് എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. കൂട്ടീഞ്ഞോ പകരക്കാരനായി വന്നപ്പോൾ സ്കോർ 5-2 ആയിരുന്നുവെങ്കിൽ കൂട്ടീഞ്ഞോ വന്ന് മത്സരം അവസാനിച്ചപ്പോൾ സ്കോർ 8-2 ആവുകയായിരുന്നു. രണ്ട് ഗോളും ഒരു അസിസ്റ്റും നൽകി കൊണ്ട് ആ മൂന്ന് ഗോളിലും കൂട്ടിഞ്ഞോക്ക് പങ്കുണ്ടായിരുന്നു. ഏറ്റവും രസകരമായ കാര്യം ഈ നാണക്കേട് സമ്മാനിച്ചതിന് ശേഷം ഇരുപത്തിയൊന്നാം ദിനം കൂട്ടീഞ്ഞോ ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്തുകയും പരിശീലനം ആരംഭിക്കുകയും ചെയ്തു എന്നതാണ്.

ഇരുപതിയെട്ടുകാരനായ കൂട്ടീഞ്ഞോ 2018-ൽ 142 മില്യൺ പൗണ്ടിനായിരുന്നു ബാഴ്‌സയിൽ എത്തിയത്. തുടർന്ന് ലോണിൽ ബയേണിലേക്ക് പോവുകയും ലോൺ കാലാവധി കഴിഞ്ഞ് തിരിച്ചെത്തുകയുമായിരുന്നു. തുടക്കത്തിൽ താരം ആഴ്‌സണലിലേക്ക് പോവും എന്ന ശക്തമായ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പുതിയ പരിശീലകനായ കൂമാൻ കൂട്ടീഞ്ഞോയെ വിളിക്കുകയും ബാഴ്സയിലേക്ക് തിരികെ വരാൻ ആവിശ്യപ്പെടുകയുമായിരുന്നു. ടീമിൽ സ്ഥാനം ഉറപ്പ് നൽകുകയും വരാൻ ആവിശ്യപ്പെടുകയും ചെയ്തതോടെ കൂട്ടീഞ്ഞോ ബാഴ്സയിൽ എത്തി. ഇവാൻ റാക്കിറ്റിച് ക്ലബ് വിടുകയും വിദാൽ ക്ലബ് വിടാൻ ഒരുങ്ങി നിൽക്കുകയും ചെയ്യുന്നതിനാൽ കൂട്ടീഞ്ഞോക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കും. അതേ സമയം ലിവർപൂളിൽ താരത്തിന്റെ സഹതാരമായിരുന്ന വൈനാൾഡം ബാഴ്സയിലേക്ക് എത്തും എന്ന് വാർത്തകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *