എല്ലാ കണ്ണുകളും നെയ്മറിലേക്ക്, താരത്തിന്റെ ചാമ്പ്യൻസ് ലീഗ് പ്രകടനം ഇങ്ങനെ !

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പിഎസ്ജി-ബയേൺ ഫൈനൽ മത്സരത്തിന്റെ പ്രധാനആകർഷണങ്ങളിലൊന്നാണ് സൂപ്പർ താരം നെയ്മർ ജൂനിയർ. പിഎസ്ജിയുടെ ദീർഘനാളത്തെ ആഗ്രഹം സഫലമാവുമോ അതോ ബയേൺ ഒരിക്കൽ കൂടി കിരീടത്തിൽ മുത്തമിടുമോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമേ ദൂരമുള്ളൂ. പക്ഷെ പിഎസ്ജിയുടെ സിംഹഭാഗപ്രതീക്ഷകളും നെയ്മറുടെ ബൂട്ടുകളിലാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഫിനിഷിങ് പിഴച്ചുവെങ്കിലും നെയ്മറുടെ പങ്ക് ഒരിക്കലും വിസ്മരിക്കാൻ കഴിയുന്നതല്ല. അറ്റലാന്റക്കെതിരെ മാർക്കിഞ്ഞോസ് ഗോൾ നേടാൻ കാരണമായ അസിസ്റ്റും ലീപ്സിഗിനെതിരെ ഡിമരിയ ഗോൾ നേടാൻ കാരണമായ ആ അസിസ്റ്റും നിർണായകപങ്ക് തന്നെയാണ് മത്സരങ്ങളിൽ വഹിച്ചത്. ഫിനിഷിങ്ങിലെ പാകപ്പിഴവുകൾ കൂടി നെയ്മർ പരിഹരിച്ചാൽ താരം ബയേണിന് കടുത്ത തലവേദനയാവുമെന്ന കാര്യത്തിൽ സംശയമില്ല. അറ്റലാന്റക്കെതിരെയുള്ള മത്സരത്തിലെ പ്രകടനം തന്നെ നെയ്മറുടെ പ്രതിഭയുടെ ആഴമളക്കാൻ ധാരാളമാണ്. 117 ടച്ചുകൾ, 33 ഡുവൽസ്, അറ്റലാന്റ ഹാഫിലേക്ക് 49 തവണ പാസിംഗ് ശ്രമം. ഇത് എംബാപ്പെ, ഇകാർഡി, സറാബിയ, ഡ്രാക്സ്ലർ, മോട്ടിങ് എന്നിവർ മൊത്തം നൽകിയ തുകയെക്കാൾ കൂടുതൽ ആണ്. 16 ഡ്രിബിളിംഗുകൾ എന്നിവയൊക്കെയാണ് അന്ന് നെയ്‌മറുടെ ഭാഗത്തു നിന്നുണ്ടായത്. 2008-ന് ശേഷം ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഏറ്റവും കൂടുതൽ ഡ്രിബിളിംഗുകൾ നെയ്മർ പൂർത്തിയാക്കുകയും ചെയ്തു.

ഇത് രണ്ടാം തവണയാണ് നെയ്മർ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുന്നത്. 2015-ൽ ബാഴ്സ ചാമ്പ്യൻസ് ലീഗ് നേടിയപ്പോൾ നെയ്മർ ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യമായിരുന്നു. അന്ന് പത്തു ഗോളുകൾ നേടികൊണ്ട് ടോപ് സ്കോറെർമാരിൽ ഒരാളാവാൻ നെയ്മർക്ക് കഴിഞ്ഞിരുന്നു. ഫൈനലിൽ യുവന്റസിനെതിരെ താരം ഗോളടിക്കുകയും ചെയ്തു. ഇന്നത്തെ മത്സരത്തിൽ ഗോൾ നേടിയാൽ മറ്റൊരു അപൂർവനേട്ടം കൂടി താരത്തെ കാത്തിരിക്കുന്നുണ്ട്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ രണ്ട് വിത്യസ്ത ക്ലബുകൾക്ക് വേണ്ടി വലകുലുക്കുന്ന ചരിത്രത്തിലെ മൂന്നാമത്തെ താരമാവാൻ നെയ്മർക്ക് കഴിയും. മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ, മരിയോ മാന്റൂകിച്ച് എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. പിഎസ്ജിക്ക് വേണ്ടി ചാമ്പ്യൻസ് ലീഗിൽ മിന്നും പ്രകടനമാണ് നെയ്മർ കാഴ്ച്ചവെച്ചിരിക്കുന്നത്. പിഎസ്ജിക്ക് വേണ്ടി ആകെ കളിച്ച 19 മത്സരങ്ങളിൽ 14 ഗോളും 9 അസിസ്റ്റും താരം ഇതുവരെ നേടികഴിഞ്ഞു. ചാമ്പ്യൻസ് ലീഗിൽ ആകെ 50 മത്സരങ്ങൾ ആണ് നെയ്മർ കളിച്ചിട്ടുള്ളത്. ഇതിൽ നിന്നായി 59 ഗോൾപങ്കാളിത്തം വഹിക്കാൻ നെയ്മർക്ക് കഴിഞ്ഞിട്ടുണ്ട്. 35 ഗോളും 24 അസിസ്റ്റും താരം ചാമ്പ്യൻസ് ലീഗിൽ കണ്ടെത്തി. അത്കൊണ്ട് തന്നെ നെയ്മറുടെ മറ്റൊരു മാന്ത്രികപ്രകടനം പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *