അത്ഭുതങ്ങൾ സംഭവിച്ചില്ല, ഫൈനലിൽ പിഎസ്ജിക്കെതിരാളി ബയേൺ തന്നെ !

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം സെമി ഫൈനലിൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. പ്രതീക്ഷിച്ച പോലെ തന്നെ ലിയോണിനെ മറികടന്നു കൊണ്ട് ബയേൺ ഫൈനലിൽ എത്തി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബയേൺ ജയം നേടിയത്. ബയേണിന് വേണ്ടി സെർജി ഗ്നാബ്രി ഇരട്ടഗോളുകൾ നേടിയപ്പോൾ റോബർട്ട്‌ ലെവന്റോസ്ക്കി ശേഷിച്ച ഗോൾ നേടി. ഫൈനലിൽ പിഎസ്ജിയാണ് ബയേണിന്റെ എതിരാളികൾ. ആർബി ലീപ്സിഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു കൊണ്ടാണ് പിഎസ്ജി ഫൈനലിൽ പ്രവേശിച്ചത്. ഓഗസ്റ്റ് ഇരുപത്തിമൂന്നാം തിയ്യതി ഞായറാഴ്ചയാണ് ലോകം കാത്തിരിക്കുന്ന ഫൈനൽ അരങ്ങേറുക.

ബാഴ്സക്കെതിരെ നേടിയ പോലെ മത്സരത്തിൽ സർവാധിപത്യം നേടാൻ ബയേണിന് കഴിഞ്ഞില്ല എന്ന് വേണം വിലയിരുത്താൻ. അതിന് ഉദാഹരണമായിരുന്നു തുടക്കത്തിൽ തന്നെ ബയേണിന്റെ ഡിഫൻസ് താളംതെറ്റിയത്. രണ്ട് സുവർണാവസരങ്ങളാണ് ലിയോൺ കളഞ്ഞു കുളിച്ചത്. ഗോൾകീപ്പർ മാനുവൽ ന്യൂയറിന്റെ ഇടപെടലുകളാണ് ബയേണിന്റെ രക്ഷക്കെത്തിയത്.എന്നാൽ പതിനെട്ടാം മിനുട്ടിൽ ബയേൺ ആദ്യഗോൾ നേടി. പന്തുമായി ഒറ്റക്ക് മുന്നേറിയ ഗ്നാബ്രി ഒരു തകർപ്പൻ ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു. 33-ആം മിനുട്ടിൽ ഗ്നാബ്രി വീണ്ടും ഗോൾ കണ്ടെത്തി. ബോക്സിനകത്ത് നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഗ്നാബ്രി ലക്ഷ്യം കാണുകയായിരുന്നു. ആദ്യപകുതിയിൽ ഈ രണ്ട് ഗോളിന്റെ ലീഡുമായി ബയേൺ കളം വിട്ടു. രണ്ടാം പകുതിയിലും ലിയോണിന് ഗോൾ നേടാനുള്ള മികച്ച അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും മുതലെടുക്കാനായില്ല. ഒടുവിൽ കിമ്മിച്ചിന്റെ ഫ്രീകിക്കിൽ നിന്ന് ഹെഡറിലൂടെ ലെവന്റോസ്ക്കി കൂടി ഗോൾ നേടിയതോടെ ലിയോൺ പതനം പൂർണമായി.

Leave a Reply

Your email address will not be published. Required fields are marked *