ലിയോണിന്റെ മുട്ടിടിക്കുന്ന കണക്കുകൾ, ബയേൺ ഇന്നും ഗോൾമഴ പെയ്യിക്കുമോ?

ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ശക്തരായ ബയേണിന് എതിരാളികൾ ഫ്രഞ്ച് ക്ലബായ ലിയോൺ ആണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30 നാണ് മത്സരം നടക്കുന്നത്. ഇന്നത്തെ മത്സരത്തിൽ വിജയക്കൊടി പാറിക്കുന്നവരെ ഫൈനലിൽ കാത്തിരിക്കുന്നത് പിഎസ്ജിയാണ്. സെമി ഫൈനലിൽ ബാഴ്‌സയെ 8-2 എന്ന സ്കോറിന് കെട്ടുകെട്ടിച്ചാണ് ബയേണിന്റെ വരവ്. അതേസമയം പ്രീമിയർ ലീഗിലെ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ 3-1 ന് അട്ടിമറിച്ചു കൊണ്ടാണ് ലിയോണിന്റെ വരവ്. എല്ലാവരും ബയേൺ-സിറ്റി മത്സരം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതെല്ലാം തകിടം മറിച്ചു കൊണ്ട് ലിയോൺ സെമിയിലേക്ക് ടിക്കെറ്റെടുക്കുകയായിരുന്നു.

എന്നാൽ കണക്കുകൾ ലിയോണിന് ഒട്ടും ആശ്വാസകരമല്ല എന്ന് മാത്രമല്ല പലതും മുട്ടിടിപ്പിക്കുന്നതും കൂടിയാണ്. ഈ ചാമ്പ്യൻസ് ലീഗിൽ ബയേൺ ആകെ അടിച്ചു കൂട്ടിയത് 39 ഗോളുകളാണ്. മറുഭാഗത്തുള്ള ലിയോൺ ആവട്ടെ 14 ഗോളുകളും. ആകെ എട്ട് ഗോളുകൾ മാത്രമാണ് ബയേൺ വഴങ്ങിയത്. മറുഭാഗത്തുള്ള ലിയോൺ പതിനൊന്നു ഗോളുകൾ വഴങ്ങി. ലിയോൺ കേവലം നാലു മത്സരങ്ങൾ മാത്രം വിജയിച്ചു കൊണ്ടാണ് ലിയോൺ സെമി വരെ എത്തിയത്. എന്നാൽ ബയേൺ നേടിയത് ഒൻപത് ജയങ്ങൾ. മൂന്ന് തോൽവികൾ ലിയോൺ ഈ ചാമ്പ്യൻസ് ലീഗിൽ വഴങ്ങിയപ്പോൾ ഒരൊറ്റ തോൽവി പോലും ബയേൺ വഴങ്ങിയിട്ടില്ല. ഷോട്ട്സ് ഓൺ ഗോൾ 210 എണ്ണം ബയേൺ എടുത്തപ്പോൾ ലിയോൺ എടുത്തത് 112 എണ്ണം മാത്രമാണ്.

അതായത് കണക്കുകൾ ഒന്നും തന്നെ ലിയോണിന് അനുകൂലമല്ല എന്ന് മാത്രമല്ല ബയേണിന്റെ ജയം തന്നെയാണ് ഉറപ്പിക്കുന്നത്. അവസാനമായി ബയേൺ കളിച്ച അഞ്ച് കളികളിൽ നിന്ന് അടിച്ചു കൂട്ടിയത് 21 ഗോളുകളാണ്. അഞ്ചിലും ജയിക്കുകയും ചെയ്തു. എന്നാൽ ലിയോൺ ആവട്ടെ അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ തോൽവി അറിഞ്ഞിട്ടുണ്ട്. അത്കൊണ്ട് തന്നെ മത്സരം തികച്ചും ബയേണിന് തന്നെ അനുകൂലം. പക്ഷെ സിറ്റിക്കെതിരെ സംഭവിച്ച പോലെയുള്ള ഒരു അട്ടിമറി തള്ളികളയാൻ സാധിക്കുന്ന ഒന്നല്ല. അത്കൊണ്ട് തന്നെ ലിയോണിന്റെ ഭാഗത്തു നിന്നും ഒരത്ഭുതം പ്രതീക്ഷിക്കുന്ന ആരാധകരും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *