ലോകത്തിലെ ഏറ്റവും മികച്ച ക്ലബായ ബാഴ്സക്കെതിരെയാണ് കളിക്കുന്നതെന്ന് ബയേൺ ഓർമ്മിക്കണമെന്ന് വിദാൽ !

വാക്പോരുകളും പോർവിളികളുമായി ഫുട്ബോൾ ലോകത്ത് ചാമ്പ്യൻസ് ലീഗ് ആവേശം അതിന്റെ പരമോന്നതിയിൽ എത്തിനിൽക്കുകയാണ്. ബാഴ്സ സൂപ്പർ താരം ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട വാക്പോരുകളാണ് ഇത്രയും ദിവസം വാർത്തകളിൽ ഇടംനേടിയിരുന്നത്. മെസ്സിയെക്കാൾ മികച്ചവനാണ് ലെവന്റോസ്‌ക്കിയെന്നും അത് വെള്ളിയാഴ്ച തെളിയിക്കുമെന്നും പ്രസ്താവിച്ചു കൊണ്ട് തോമസ് മുള്ളറും ലോതർ മത്തേയൂസും ഇതിന് തുടക്കം കുറിക്കുകയായിരുന്നു. പിന്നീട് മെസ്സിയെ പൂട്ടുന്ന കാര്യം ഡേവിസ് നോക്കിക്കൊള്ളുമെന്ന് തറപ്പിച്ചു പറഞ്ഞു കൊണ്ട് ബയേൺ പ്രസിഡന്റും രംഗത്ത് വന്നു. എന്നാൽ ബാഴ്സയുടെ ഭാഗത്തു നിന്ന് വെല്ലുവിളിയുമായി ആർതുറോ വിദാൽ രംഗത്ത് വന്നതാണിപ്പോൾ രംഗം വീണ്ടും ചൂടുപിടിക്കാൻ കാരണം. ബയേൺ നേരിടാൻ പോവുന്നത് ബുണ്ടസ്ലിഗയിലെ ക്ലബുകളെ അല്ലെന്നും ലോകത്തിലേ ഏറ്റവും മികച്ച ക്ലബായ ബാഴ്‌സയെ ആണെന്നുമുള്ള ഓർമ്മ വേണമെന്നായിരുന്നു വിദാലിന്റെ പ്രസ്താവന.

2015 മുതൽ 2018 വരെ ബയേണിൽ കളിച്ച താരമാണ് വിദാൽ. അദ്ദേഹമാണ് തന്റെ മുൻ ടീമിന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മത്സരത്തിന് മുന്നോടിയായി ഇന്നലെ നടന്ന പത്രസമ്മേളനത്തിലാണ് വിദാൽ ഇക്കാര്യം പ്രസ്താവിച്ചത്. ” ബയേൺ ആത്മവിശ്വാസത്തിലാണ് എന്നറിയാം. പക്ഷെ അവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. അവർ കളിക്കുന്നത് ബുണ്ടസ്‌ലിഗയിലെ ഏതെങ്കിലും ഒരു ക്ലബിനോട് അല്ല. ലോകത്തിലെ ഏറ്റവും മികച്ച ക്ലബായ ബാഴ്സയോടാണ്. നിലവിൽ ഞങ്ങൾക്ക് കളത്തിനകത്ത് താളം നഷ്ടപ്പെടുകയും ലീഗ് കിരീടം കൈവിട്ടു പോവുകയും ചെയ്തു എന്നുള്ളത് ശരിയാണ്. പക്ഷെ ഞങ്ങളോടൊപ്പം മെസ്സിയുണ്ട്. തീർച്ചയായും മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കഴിയുന്ന ഒരുപിടി നല്ല താരങ്ങൾ ഞങ്ങളോടൊപ്പമുണ്ട് ” വിദാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *