ഒരു സ്റ്റെപ്പ് മുന്നോട്ട് വെച്ചാൽ രണ്ട് സ്റ്റെപ്പ് പുറകോട്ട് : റയലിനെ കുറിച്ച് ബെല്ലിങ്ങ്ഹാം!
വളരെയധികം കഠിനമായ ഒരു സമയത്തിലൂടെയാണ് റയൽ മാഡ്രിഡ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.നിലവിലെ ലാലിഗ ജേതാക്കളും ചാമ്പ്യൻസ് ലീഗ് ജേതാക്കളും റയൽ തന്നെയാണ്.എന്നാൽ അതിനോട് നീതിപുലർത്താൻ ഇപ്പോൾ അവർക്ക് സാധിക്കുന്നില്ല. ചാമ്പ്യൻസ് ലീഗിൽ 5 മത്സരങ്ങൾ കളിച്ചപ്പോൾ മൂന്നു മത്സരങ്ങളിലും അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഏറ്റവും ഒടുവിൽ ലിവർപൂളാണ് റയലിനെ പരാജയപ്പെടുത്തിയത്.
അതുകൊണ്ടുതന്നെ വലിയ വിമർശനങ്ങൾ റയൽ താരങ്ങൾക്കും പരിശീലകനും ഏൽക്കേണ്ടി വരുന്നുണ്ട്. ഈ വിഷയത്തിൽ ബെല്ലിങ്ങ്ഹാം തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു സ്റ്റെപ്പ് മുന്നോട്ടുവച്ചാൽ രണ്ട് സ്റ്റെപ് പിറകോട്ട് പോവുകയാണ് ഇപ്പോൾ റയൽ മാഡ്രിഡ് ചെയ്യുന്നത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. മാത്രമല്ല ആരാധകരോട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്.ബെല്ലിങ്ങ്ഹാം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എഴുതിയത് ഇപ്രകാരമാണ്.
” ഒരു സ്റ്റെപ്പ് മുന്നോട്ടുവച്ചാൽ രണ്ട് സ്റ്റെപ്പ് പിറകോട്ട് എന്ന സാഹചര്യത്തിലാണ് ഇപ്പോൾ റയൽ മാഡ്രിഡ് ഉള്ളത്.ശക്തരായ എതിരാളികൾക്കെതിരെ വളരെയധികം നിരാശപ്പെടുത്തുന്ന പ്രകടനവും റിസൾട്ടുമാണ് ഞങ്ങൾക്ക് ലഭിച്ചത്.ഇംഗ്ലണ്ടിലേക്ക് ഞങ്ങളുടെ മത്സരം വീക്ഷിക്കാൻ വേണ്ടി എത്തിയ എല്ലാ റയൽ ആരാധകരോടും ഞാൻ നന്ദി പറയുന്നു.അതോടൊപ്പം തന്നെ ക്ഷമയും ചോദിക്കുന്നു.ഇത് ഞങ്ങൾക്ക് മാറ്റാൻ സാധിക്കുന്നത് തന്നെയാണ്. ഞങ്ങൾ ഒരുമിച്ച് നിന്ന് പരസ്പരം പുഷ് ചെയ്ത് അടുത്ത പ്രധാനപ്പെട്ട മത്സരങ്ങൾക്ക് വേണ്ടി തയ്യാറെടുക്കണം ” ഇതാണ് റയൽ മാഡ്രിഡ് സൂപ്പർ താരം പറഞ്ഞിട്ടുള്ളത്.
ഇനി ചാമ്പ്യൻസ് ലീഗിൽ മൂന്ന് മത്സരങ്ങളാണ് റയൽ മാഡ്രിഡിന് അവശേഷിക്കുന്നത്.ആ മത്സരങ്ങൾ വിജയിക്കൽ അനിവാര്യമായ കാര്യമാണ്.നിലവിൽ പോയിന്റ് പട്ടികയിൽ ഇരുപത്തിനാലാം സ്ഥാനത്താണ് റയൽ മാഡ്രിഡ് ഉള്ളത്.അറ്റലാന്റ,സാൽസ്ബർഗ്,ബ്രെസ്റ്റ് എന്നിവരാണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ.