ഒഫീഷ്യൽ: ഇന്റർമയാമിയെ ഇനി മശെരാനോ പരിശീലിപ്പിക്കും
ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമിയുടെ ഈ സീസൺ നേരത്തെ അവസാനിച്ചിരുന്നു.MLS ലെ പ്ലേ ഓഫിൽ തന്നെ അവർ പുറത്താവുകയായിരുന്നു. ഇതിന് പിന്നാലെ അവരുടെ പരിശീലകനായ ടാറ്റ മാർട്ടിനോ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങി. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് അദ്ദേഹം പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങിയിട്ടുള്ളത്.
പകരം അർജന്റൈൻ ഇതിഹാസമായ ഹവിയർ മശെരാനോ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തേക്ക് വന്നിരുന്നു. അക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണം വന്നു കഴിഞ്ഞു.ഇന്റർമയാമിയെ ഇനിമുതൽ മശെരാനോയാണ് പരിശീലിപ്പിക്കുക. മെസ്സി ഇനി തന്റെ മുൻ സഹതാരമായിരുന്ന മശെരാനോക്ക് കീഴിലാണ് കളിക്കുക. 2027 വരെയുള്ള ഒരു കോൺട്രാക്ടിലാണ് അദ്ദേഹം ഒപ്പു വെച്ചിട്ടുള്ളത്.
ഇതുവരെ അർജന്റീനയുടെ അണ്ടർ 20 ടീമിന്റെ പരിശീലകനായിരുന്നു അദ്ദേഹം.അവിടെ വലിയ നേട്ടങ്ങൾ ഒന്നും സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഏതായാലും പരിശീലക സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ ചില കാര്യങ്ങൾ മശെരാനോ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
“ഇന്റർമയാമിയെ പോലെയുള്ള ഒരു ക്ലബ്ബിനെ പരിശീലിപ്പിക്കാനുള്ള അവസരം ലഭിക്കുക എന്നത് വലിയ ഒരു ബഹുമതിയും പ്രിവിലേജുമാണ്. ഒരു വലിയ ലക്ഷ്യങ്ങളുള്ള ക്ലബ്ബാണ് ഇത്.ക്ലബ്ബിനെ ഉയരങ്ങളിലേക്ക് എത്തിക്കാനും ആരാധകർക്ക് മറക്കാനാവാത്ത സന്ദർഭങ്ങൾ സമ്മാനിക്കാനുമായി ഞാൻ എല്ലാവരുമായും ഒരുമിച്ച് ചേർന്നുകൊണ്ട് പ്രവർത്തിക്കും ” ഇതാണ് മശെരാനോ പറഞ്ഞിട്ടുള്ളത്.
അടുത്ത സീസണിലാണ് ഇനി ഇന്റർമയാമി ഇദ്ദേഹത്തിന് കീഴിൽ കളിക്കുക. സമീപകാലത്ത് മികച്ച പ്രകടനം നടത്താൻ ഈ ക്ലബ്ബിന് കഴിയുന്നുണ്ട്. അതിനേക്കാൾ മികച്ച രൂപത്തിലേക്ക് ക്ലബ്ബിനെ മാറ്റിയെടുക്കുക എന്ന വെല്ലുവിളിയാണ് ഈ അർജന്റൈൻ പരിശീലകന്റെ മുന്നിലുള്ളത്.