നെയ്മറുടെ വരവിനായി മാർക്കറ്റ് കാത്തിരിക്കുകയാണ്: നെയ്മറുടെ പിതാവ്
ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറെ കുറിച്ച് ഒരുപാട് റൂമറുകൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. അതായത് വരുന്ന സമ്മറിൽ അൽ ഹിലാലുമായുള്ള അദ്ദേഹത്തിന്റെ കോൺട്രാക്ട് പൂർത്തിയാവുകയാണ്.ഈ കോൺട്രാക്ട് പുതുക്കാൻ അവർ താൽപര്യം കാണിച്ചിട്ടില്ല. കാരണം ഇതുവരെ ഏഴു മത്സരങ്ങൾ മാത്രമാണ് നെയ്മർക്ക് ക്ലബ്ബിന് വേണ്ടി കളിക്കാൻ കഴിഞ്ഞിട്ടുള്ളത്. പരിക്കാണ് അദ്ദേഹത്തിന് തടസ്സമാകുന്നത്.അതുകൊണ്ടുതന്നെ അൽ ഹിലാൽ അദ്ദേഹത്തെ കൈവിടാനുള്ള സാധ്യതകൾ ഏറെയാണ്.
അടുത്ത സീസണിൽ നെയ്മർ ഏത് ക്ലബ്ബിൽ കളിക്കും എന്നതാണ് ഇനി അദ്ദേഹത്തിന്റെ ആരാധകർക്ക് അറിയേണ്ടത്.ഇതേക്കുറിച്ച് നെയ്മറുടെ പിതാവ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ഈ ഊഹാപോഹങ്ങൾ എല്ലാം തങ്ങൾ വീക്ഷിക്കുന്നുണ്ട് എന്നാണ് നെയ്മറുടെ പിതാവ് പറഞ്ഞിട്ടുള്ളത്. നെയ്മറുടെ വരവിനായി ട്രാൻസ്ഫർ മാർക്കറ്റ് കാത്തിരിക്കുകയാണെന്നും നെയ്മർ സീനിയർ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” നെയ്മറെ കുറിച്ചുള്ള ഊഹാപോഹങ്ങൾ ഞങ്ങൾ കാണുന്നുണ്ട്.ഞങ്ങൾ എല്ലാത്തിനും റെഡിയായിരിക്കുകയാണ്.നെയ്മർ എങ്ങനെയാണ് തിരിച്ചെത്തുക എന്നറിയാൻ വേണ്ടി ട്രാൻസ്ഫർ മാർക്കറ്റ് കാത്തിരിക്കുകയാണ് എന്നത് എനിക്കറിയാം.നെയ്മർ എപ്പോഴും മുൻപത്തേതിനേക്കാൾ കൂടുതൽ ശക്തനായി കൊണ്ടാണ് തിരിച്ചു വരിക. ഇത്തവണയും അതിന് മാറ്റം ഒന്നും ഉണ്ടാവില്ല “ഇതാണ് നെയ്മറുടെ പിതാവ് പറഞ്ഞിട്ടുള്ളത്.
ബ്രസീലിയൻ ക്ലബ്ബായ സാന്റോസിന് നെയ്മറെ തിരികെ എത്തിക്കാൻ താല്പര്യം ഉണ്ട്. അവർ വീണ്ടും ബ്രസീലിയൻ ഫസ്റ്റ് ഡിവിഷനിലേക്ക് പ്രമോഷൻ നേടിയിട്ടുണ്ട്.എന്നാൽ സാലറി ഒരു തടസ്സമാവാൻ സാധ്യതയുണ്ട്. അതേസമയം ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമി നെയ്മർക്ക് വേണ്ടി ശ്രമിച്ചേക്കും എന്നുള്ള റൂമറുകൾ ഈയിടെ പുറത്തുവന്നിരുന്നു.