പരിക്ക്,സ്കലോണി ആശയക്കുഴപ്പത്തിൽ,പെറുവിനെതിരെ മാറ്റങ്ങളുണ്ടാവും!

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്ക് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു പരാഗ്വ അർജന്റീനയെ പരാജയപ്പെടുത്തിയത്. നിലവിൽ അർജന്റീന മോശം പ്രകടനമാണ് നടത്തുന്നത്.അവസാനത്തെ നാല് മത്സരങ്ങളിൽ ഒരു വിജയം മാത്രമാണ് അർജന്റീനക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.രണ്ട് തോൽവികൾ വഴങ്ങേണ്ടിവന്നു എന്നത് ആരാധകരെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

കഴിഞ്ഞ മത്സരത്തിൽ അർജന്റീനക്ക് പരിക്കുകൾ തിരിച്ചടി ഏൽപ്പിച്ചിരുന്നു. പ്രതിരോധനിരയിലെ സൂപ്പർ താരം ക്രിസ്റ്റ്യൻ റൊമേറോ പരിക്ക് മൂലം കളിക്കളത്തിൽ നിന്നും പിൻവാങ്ങിയിരുന്നു.ആദ്യ പകുതി മാത്രമായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. മാത്രമല്ല ഇടത് വിങ്ങിൽ കളിക്കുന്ന നിക്കോളാസ് ടാഗ്ലിയാഫിക്കോയും പരിക്കിന്റെ പിടിയിലാണ്.ഈ രണ്ടു താരങ്ങളുടെയും മെഡിക്കൽ റിപ്പോർട്ട് കാത്തിരിക്കുകയാണ് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി.

അടുത്ത മത്സരത്തിൽ ഇരുവർക്കും കളിക്കാൻ കഴിയില്ല എന്ന് തന്നെയാണ് ഇപ്പോൾ കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്രതിരോധനിരയിൽ സ്‌കലോണി മാറ്റങ്ങൾ വരുത്തിയേക്കും.റൊമേറോയുടെ സ്ഥാനത്ത് ബാലർഡി കളിക്കാനാണ് സാധ്യത. കഴിഞ്ഞ മത്സരത്തിൽ റൊമേറോയുടെ പകരക്കാരനായി കൊണ്ട് ഇദ്ദേഹമായിരുന്നു ഇറങ്ങിയിരുന്നത്.

അതേസമയം ഇടത് വിങ്ബാക്ക് പൊസിഷനിൽ രണ്ട് ഓപ്ഷനുകളാണ് സ്‌കലോണി പരിഗണിക്കുന്നത്. ഒന്നുകിൽ ഫകുണ്ടോ മെഡിനയെ അവിടെ ഉൾപ്പെടുത്തിയേക്കും. സാധാരണ സെന്റർ ബാക്ക് പൊസിഷനിലാണ് ഈ താരം കളിക്കാറുള്ളതെങ്കിലും ഇടത് വിങ്ങിൽ കൂടി കളിക്കാൻ കഴിവുള്ള താരമാണ് ഇദ്ദേഹം. അല്ല എന്നുണ്ടെങ്കിൽ നഹുവെൽ മൊളീനയെ ഇടത് വിങ്ങിലേക്ക് മാറ്റി ഗോൺസാലോ മോന്റിയേലിനെ വലത് വിങ്ങിൽ കളിപ്പിക്കുക എന്ന ഓപ്ഷനാണ് ഉള്ളത്.ഈ രണ്ട് ഓപ്ഷനുകളിൽ ഏതെങ്കിലും സ്‌കലോണി ഉപയോഗപ്പെടുത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ.

അടുത്ത മത്സരത്തിൽ പെറുവാണ് അർജന്റീനയുടെ എതിരാളികൾ. നവംബർ ഇരുപതാം തീയതി രാവിലെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം നടക്കുക.ഈ മത്സരത്തിൽ അർജന്റീന വിജയവഴിയിലേക്ക് തിരിച്ചെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *