യമാലിനെക്കാൾ മികച്ചവനാണെന്ന് തെളിയിക്കും: വെല്ലുവിളിയുമായി റെഡ് സ്റ്റാർ ബെല്ഗ്രേഡ് താരം!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ ബാഴ്സലോണ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ സെർബിയൻ ക്ലബ്ബായ റെഡ് സ്റ്റാർ ബെൽഗ്രേഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ന് റെഡ് സ്റ്റാറിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.നിലവിൽ മിന്നുന്ന ഫോമിലാണ് ബാഴ്സ കളിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ ഒരു ബുദ്ധിമുട്ട് ഇന്നത്തെ മത്സരത്തിൽ ഈ സെർബിയൻ ക്ലബ്ബിന് നേരിടേണ്ടി വന്നേക്കും.
ഗംഭീര പ്രകടനമാണ് ഈ സീസണിൽ കേവലം 17 വയസ്സ് മാത്രമുള്ള ലാമിൻ യമാൽ പുറത്തെടുക്കുന്നത്.ഈ സീസണിൽ ബാഴ്സക്ക് വേണ്ടി 6 ഗോളുകളും എട്ട് അസിസ്റ്റുകളും സ്വന്തമാക്കാൻ യമാലിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ റെഡ് സ്റ്റാർ ബെൽഗ്രേഡിന്റെ താരമായ ആൻഡ്രിയ മാക്സിമോവിച്ച് തന്റെ ലക്ഷ്യം വ്യക്തമാക്കിയിട്ടുണ്ട്.യമാലിനെക്കാൾ മികച്ചത് താനാണ് എന്നുള്ളത് ഈ മത്സരത്തിൽ തെളിയിക്കണം എന്നാണ് മാക്സിമോവിച്ച് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
“ലാമിൻ യമാൽ ഒരു മികച്ച താരമാണ്.ഞങ്ങൾ ഇതിനുമുൻപ് ഏറ്റുമുട്ടിയിട്ടുണ്ട്. അദ്ദേഹത്തെക്കാൾ മികച്ച താരമാണ് എന്നെനിക്ക് തെളിയിക്കണം.അതിനുവേണ്ടിയാണ് ഞാൻ ഈ മത്സരത്തിൽ ഇറങ്ങുക. മത്സരശേഷം ഞങ്ങൾക്ക് രണ്ടുപേർക്കും ജേഴ്സികൾ കൈമാറ്റം കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ഇതാണ് മാക്സിമോവിച്ച് പറഞ്ഞിട്ടുള്ളത്.
17 വയസ്സ് മാത്രമുള്ള താരമാണ് മാക്സിമോവിച്ചും.മികച്ച പ്രകടനവും അദ്ദേഹവും നടത്തുന്നുണ്ട്. 10 മത്സരങ്ങളിൽ നിന്ന് നാല് ഗോൾ പങ്കാളിത്തം വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ യമാലാവട്ടെ ഫുട്ബോൾ ലോകത്തെ അമ്പരപ്പിക്കുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തവണത്തെ കോപ്പ ട്രോഫി സ്വന്തമാക്കാൻ യമാലിന് സാധിച്ചിരുന്നു.