മെസ്സിക്ക് ഈ പ്രായത്തിൽ 4 ബാലൺഡി’ഓറുകൾ ഉണ്ടായിരുന്നു: എംബപ്പേക്ക് വിമർശനം!
കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് സൂപ്പർ താരമായ റോഡ്രിയാണ് സ്വന്തമാക്കിയത്.വിനീഷ്യസ് ജൂനിയർ സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് സംഭവിച്ചില്ല.വിനീഷ്യസ് രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തിട്ടുള്ളത്. റയൽ മാഡ്രിഡ് സൂപ്പർ താരമായ ജൂഡ് ബെല്ലിങ്ങ്ഹാം മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിരുന്നു.
അതേസമയം ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ ആറാം സ്ഥാനമാണ് നേടിയിട്ടുള്ളത്. ഇതിന് പിന്നാലെ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പ് തങ്ങളുടെ എഡിറ്റോറിയലിൽ എംബപ്പേയെ വലിയ വിമർശനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്.എംബപ്പേക്ക് ഇതുവരെ ഒരു ബാലൺഡി’ഓർ പുരസ്കാരം പോലും നേടാൻ സാധിക്കാത്തതിനെതിരെയാണ് അവർ വിമർശനങ്ങൾ അഴിച്ചു വിട്ടിട്ടുള്ളത്.ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട ഒരു താരതമ്യം അവർ നടത്തുകയും ചെയ്തിട്ടുണ്ട്.
നിലവിൽ എംബപ്പേക്ക് 25 വയസ്സാണ്.ഈ പ്രായത്തിൽ ലയണൽ മെസ്സി നാല് ബാലൺഡി’ഓർ പുരസ്കാരങ്ങൾ നേടിയിരുന്നു എന്നാണ് അവർ ഓർമ്മപ്പെടുത്തുന്നത്.എംബപ്പേക്ക് ഒരുതവണ പോലും നേടാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് മാത്രമല്ല,രണ്ടാം സ്ഥാനത്ത് പോലും ഇതുവരെ ഫിനിഷ് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല, ഇത്തവണ കേവലം ആറാം സ്ഥാനം മാത്രമാണ് അദ്ദേഹം നേടിയിട്ടുള്ളത്, ഇതൊന്നുമല്ല അദ്ദേഹത്തിൽ നിന്നും ഫ്രഞ്ച് ആരാധകർ പ്രതീക്ഷിക്കുന്നത് എന്നൊക്കെയാണ് ലെ എക്കുപ്പ് തങ്ങളുടെ എഡിറ്റോറിയലിൽ വിവരിച്ചിട്ടുള്ളത്.
ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള ഇത്തവണത്തെ ഗെർഡ് മുള്ളർ ട്രോഫി കിലിയൻ എംബപ്പേക്കായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ അത് സ്വീകരിക്കാൻ എംബപ്പേ എത്തിയിരുന്നില്ല.വിനീഷ്യസിന് ബാലൺഡി’ഓർ ലഭിക്കാത്തതുകൊണ്ട് തന്നെ റയൽ മാഡ്രിഡ് ഈ ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു. ഇത്തവണ ഒരു ബുദ്ധിമുട്ടേറിയ തുടക്കമാണ് എംബപ്പേക്ക് ലഭിച്ചിട്ടുള്ളത്. ഓപ്പൺ പ്ലേയിൽ നിന്നും അദ്ദേഹം 5 ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്.