ഞങ്ങളുടെ ലക്ഷ്യത്തിനുമപ്പുറത്തേക്കും അവനെത്തി:യമാലിനെ പ്രശംസിച്ച് ഫ്ലിക്ക്!
യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ഗംഭീര വിജയമാണ് ബാഴ്സ ബയേണിനെതിരെ സ്വന്തമാക്കിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സ വിജയിച്ചിരുന്നത്. മത്സരത്തിൽ മികച്ച രൂപത്തിൽ കളിക്കാൻ അവരുടെ 17 കാരനായ ലാമിൻ യമാലിന് സാധിച്ചിരുന്നു.ഒരു അസിസ്റ്റ് താരം നേടിയിരുന്നു. അതിനുപുറമേ മത്സരത്തിൽ നിറഞ്ഞു കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് ഫ്ലിക്ക് ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. താരത്തിന്റെ ഡിഫൻസീവ് വർക്ക് ഇപ്പോൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. യമാലിന്റെ കാര്യത്തിൽ ഒരു ലക്ഷ്യം നിർണയിച്ചിരുന്നുവെന്നും അതിനപ്പുറത്തേക്ക് ഇപ്പോൾ തന്നെ എത്താൻ അദ്ദേഹത്തിന് സാധിച്ചുവെന്നും ഫ്ലിക്ക് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ബയേണിനെതിരെയുള്ള യമാലിന്റെ പ്രകടനം മനോഹരവും മികച്ചതുമായിരുന്നു. ഞാൻ ആഗ്രഹിച്ച ഒരു കാര്യം അൽഫോൺസോ ഡേവിസിനെ പ്രസ് ചെയ്യുക എന്നുള്ളതായിരുന്നു. കാരണം അദ്ദേഹം ആക്രമണം ആരംഭിച്ചാൽ അത് വളരെയധികം അപകടകരമാണ്. ഡേവിസിനെ പ്രസ്സ് ചെയ്യുന്ന കാര്യം വളരെ നല്ല രൂപത്തിലാണ് യമാൽ കൈകാര്യം ചെയ്തത്.അദ്ദേഹത്തിന്റെ ഡിഫൻസിവ് വർക്ക് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്.ബയേൺ താരങ്ങൾ യമാലിനെ വളരെയധികം സൂക്ഷിച്ചിരുന്നു.അതുതന്നെ താരത്തിന് ലഭിക്കുന്ന ഒരു ബഹുമതിയാണ്. അദ്ദേഹത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ ഇപ്പോൾ തന്നെ യമാൽ മറികടന്നു കഴിഞ്ഞു ” ഇതാണ് ഫ്ലിക്ക് പറഞ്ഞിട്ടുള്ളത്.
ഇന്ന് ലാലിഗയിൽ എൽ ക്ലാസിക്കോ പോരാട്ടമാണ് നടക്കുന്നത്. റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിൽ സാന്റിയാഗോ ബെർണാബുവിൽ വെച്ചു കൊണ്ടാണ് ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് മത്സരം നടക്കുക.യമാൽ ഈ മത്സരത്തിൽ റയലിന് വെല്ലുവിളി ഉയർത്തും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.