നോൺ പെനാൽറ്റി ഗോളുകൾ,ക്രിസ്റ്റ്യാനോയെ മറികടന്ന് ലയണൽ മെസ്സി!
ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് ഇന്റർ മയാമി സ്വന്തമാക്കിയത്. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് അവർ ന്യൂ ഇംഗ്ലണ്ട് റവല്യൂഷനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി ഹാട്രിക്ക് നേടിക്കൊണ്ട് തിളങ്ങുകയായിരുന്നു. രണ്ട് ഗോളുകൾക്ക് പിറകിൽ പോയതിനുശേഷമാണ് ഇന്റർമയാമി ഈ തിരിച്ചുവരവ് നടത്തിയിട്ടുള്ളത്.
കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നിന്നായി മെസ്സി ഗംഭീര പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.6 ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.നിലവിൽ 1078 മത്സരങ്ങളാണ് മെസ്സി ആകെ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 849 ഗോളുകളും 377 അസിസ്റ്റുകളും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.
ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിൽ ആകെ 1245 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.അതിൽനിന്ന് 907 ഗോളുകളും 255 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഗോളുകളുടെ കാര്യത്തിൽ റൊണാൾഡോ തന്നെയാണ് മുന്നിട്ടുനിൽക്കുന്നത്.
പക്ഷേ പെനാൽറ്റി ഗോളുകൾ മാറ്റി നിർത്തിക്കഴിഞ്ഞാൽ മെസ്സിയാണ് മുൻപിൽ വരുന്നത്. നിലവിൽ നോൺ പെനാൽറ്റി ഗോളുകളിൽ ഒന്നാം സ്ഥാനത്ത് മെസ്സിയാണ്. 740 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോ 739 ഗോളുകളാണ് നേടിയിട്ടുള്ളത്.പുതിയ ഹാട്രിക്കോട് കൂടി മെസ്സി റൊണാൾഡോയെ മറികടക്കുകയായിരുന്നു.ഏതായാലും ഇരുവരും തമ്മിലുള്ള പോരാട്ടം കടുക്കും എന്നുറപ്പാണ്.