വിദേശത്ത് കളിക്കുന്ന ബ്രസീലിയൻ താരങ്ങളെക്കാൾ നല്ലത് ബ്രസീലിൽ തന്നെ കളിക്കുന്ന താരങ്ങളാണ്: ബ്രസീൽ പ്രസിഡന്റ്!
കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വിജയം നേടാൻ ബ്രസീലിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്രസീൽ ചിലിയെ പരാജയപ്പെടുത്തിയത്.ഇഗോർ ജീസസ്,ലൂയിസ് ഹെൻറിക്കെ എന്നിവർ നേടിയ ഗോളുകളാണ് ബ്രസീലിന് വിജയം സമ്മാനിച്ചിട്ടുള്ളത്. രണ്ട് താരങ്ങളും ബ്രസീലിയൻ ലീഗിൽ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളാണ്.
യൂറോപ്പിൽ തകർപ്പൻ പ്രകടനം നടത്തുന്ന പല താരങ്ങളും ബ്രസീലിന്റെ ദേശീയ ടീമിൽ തിളങ്ങാറില്ല. ഇക്കാര്യത്തിൽ ആരാധകരിൽ നിന്ന് തന്നെ വിമർശനങ്ങൾ ഉയരാറുണ്ട്. ഇപ്പോഴിതാ ബ്രസീലിയൻ പ്രസിഡണ്ടായ ലുല ഇതിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. വിദേശത്ത് കളിക്കുന്ന ബ്രസീലിയൻ താരങ്ങളെക്കാൾ നല്ലത് ബ്രസീലിയൻ ലീഗിൽ കളിക്കുന്ന താരങ്ങളാണെന്നും അവർക്ക് അവസരം നൽകേണ്ടതുണ്ട് എന്നുമാണ് ലുല പറഞ്ഞിട്ടുള്ളത്.ഒരു റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ബ്രസീലിയൻ ലീഗിൽ കളിക്കുന്ന താരങ്ങളെക്കാൾ മികച്ചവർ അല്ല വിദേശത്ത് കളിക്കുന്ന ബ്രസീലിയൻ താരങ്ങൾ. വിദേശത്ത് കളിക്കുന്നവരുടെ അതേ ക്വാളിറ്റിയുള്ള താരങ്ങൾ ബ്രസീലിയൻ ലീഗിൽ ഉണ്ട്. അതുകൊണ്ടുതന്നെ ബ്രസീലിയൻ ലീഗിൽ കളിക്കുന്ന ബ്രസീൽ താരങ്ങൾക്ക് അവസരങ്ങൾ നൽകണമെന്നാണ് എന്റെ അഭിപ്രായം “ഇതാണ് ബ്രസീലിയൻ പ്രസിഡണ്ട് പറഞ്ഞിട്ടുള്ളത്.
പുതിയ റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹം CBFന്റെ പ്രസിഡണ്ടിനെ കണ്ട് ഇക്കാര്യം പറയുകയും ചെയ്തിട്ടുണ്ട്.ബ്രസീലിയൻ ലീഗിൽ കളിക്കുന്ന താരങ്ങൾക്കാണ് കൂടുതൽ ആത്മാർത്ഥത എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഏതായാലും ക്ലബ്ബ് തലത്തിൽ നടത്തുന്ന മികച്ച പ്രകടനം ദേശീയ ടീമിന് വേണ്ടി നടത്താത്തതിൽ സൂപ്പർ താരങ്ങൾക്ക് വലിയ വിമർശനങ്ങളാണ് സമീപകാലത്ത് ഏൽക്കേണ്ടി വരുന്നത്.