മെസ്സി എഫക്ട് തുടരുന്നു,ഇന്റർ മയാമി ചരിത്രം തിരുത്തിയെഴുതുന്നതിന്റെ തൊട്ടരികിൽ!
ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ ഇന്റർമയാമിക്ക് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അവർ ടോറോന്റോ എഫ്സിയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അവസാനത്തിൽ കംപാന നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്. ക്യാപ്റ്റൻ ലയണൽ മെസ്സി മത്സരത്തിന്റെ അവസാനത്തെ 30 മിനിറ്റ് മാത്രമാണ് കളിച്ചിട്ടുള്ളത്.
MLS ലെ ഷീൽഡ് നേരത്തെ ഇന്റർമയാമി സ്വന്തമാക്കിയിരുന്നു. നിലവിൽ 33 മത്സരങ്ങളിൽ നിന്ന് 71 പോയിന്റാണ് ഇന്റർമയാമിക്ക് ഉള്ളത്.ഇനി റെഗുലർ സീസണിൽ ഒരു മത്സരം മാത്രമാണ് ഇന്റർമയാമിക്ക് ബാക്കിയുള്ളത്.ആ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ ഇന്റർമയാമിക്ക് അമേരിക്കൻ ലീഗിലെ ചരിത്രം തിരുത്തി എഴുതാൻ സാധിക്കും.
അതായത് അമേരിക്കൻ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിക്കൊണ്ട് ഷീൽഡ് സ്വന്തമാക്കിയ ക്ലബ്ബ് എന്ന റെക്കോർഡാണ് ഇന്റർമയാമിയെ കാത്തിരിക്കുന്നത്. 2021ൽ കിരീടം നേടിയ ന്യൂ ഇംഗ്ലണ്ട് റവല്യൂഷൻ ആണ് ഈ റെക്കോർഡ് ഇപ്പോൾ കൈവശം വെച്ചിരിക്കുന്നത്.അന്ന് 73 പോയിന്റ് ആയിരുന്നു അവർ നേടിയിരുന്നത്.അതേ ന്യൂ ഇംഗ്ലണ്ട് റവല്യൂഷനെതിരെയാണ് ഇന്റർമയാമിക്ക് അവസാന റൗണ്ട് പോരാട്ടം അവശേഷിക്കുന്നത്.ആ മത്സരത്തിൽ വിജയിച്ചുകഴിഞ്ഞാൽ 74 പോയിന്റുകൾ കരസ്ഥമാക്കാനും അതുവഴി ഈ റെക്കോർഡ് തിരുത്തി എഴുതാനും സാധിക്കും.
ലയണൽ മെസ്സിയുടെ എഫക്ട് തുടരുകയാണ് എന്ന് നമുക്ക് അടിവരയിട്ട് ഉറപ്പിച്ചു പറയാൻ കഴിയും.മെസ്സി വന്നതിനുശേഷമാണ് ഈ ക്ലബ്ബിന് അകത്ത് ഇത്രയും വലിയ മാറ്റങ്ങൾ സംഭവിച്ചത്. രണ്ട് കിരീടങ്ങൾ ഇതിനോടകം തന്നെ സ്വന്തമാക്കാൻ ഇന്റർമയാമിക്ക് കഴിഞ്ഞിട്ടുണ്ട്. ഏതായാലും ഇനി MLS കപ്പ് കൂടി സ്വന്തമാക്കുക എന്നുള്ളതായിരിക്കും ഇന്റർമയാമിയുടെ ലക്ഷ്യം.