തറയിൽ വീഴരുത്,റയലിന് പെനാൽറ്റി കിട്ടും: ട്രോളി വലൻസിയ!
ഈ സീസണിൽ ലാലിഗയിൽ ഒരു മികച്ച തുടക്കം ഉണ്ടാക്കിയെടുക്കാൻ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടുണ്ട്. ആകെ കളിച്ച ഏഴു മത്സരങ്ങളിൽ അഞ്ച് വിജയവും രണ്ട് സമനിലയുമായി 17 പോയിന്റാണ് റയലിന്റെ സമ്പാദ്യം.പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ് ഉള്ളത്. 7 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളാണ് റയൽ മാഡ്രിഡ് അടിച്ചിട്ടുള്ളത്. അതിൽ അഞ്ച് ഗോളുകളും പെനാൽറ്റിയിലൂടെയായിരുന്നു. റയൽ മാഡ്രിഡിന് കൂടുതൽ പെനാൽറ്റികൾ ലഭിക്കുന്നതിൽ വലിയ വിമർശനങ്ങളും പരിഹാസങ്ങളും ആണ് അവർക്ക് ഏറ്റുവാങ്ങേണ്ടി വരുന്നത്.
കഴിഞ്ഞ എസ്പനോളിനെതിരെയുള്ള മത്സരത്തിൽ എൻഡ്രിക്കിനെ വീഴ്ത്തിയതിനെ തുടർന്ന് റയലിന് പെനാൽറ്റി ലഭിച്ചിരുന്നു.എന്നാൽ അത് അർഹിച്ച ഒരു പെനാൽറ്റി അല്ല എന്ന് പലരും ആരോപിച്ചിരുന്നു.ലാലിഗ റയൽ മാഡ്രിഡിന് അനർഹമായ പെനാൽറ്റികൾ നൽകുന്നു എന്നുള്ള ആരോപണങ്ങൾ വളരെ ശക്തമാണ്. ഇതിനിടെ റയലിനെ ട്രോളി കൊണ്ട് മറ്റൊരു സ്പാനിഷ് ക്ലബ്ബായ വലൻസിയ രംഗത്ത് വന്നിട്ടുണ്ട്.
അവരുടെ സ്റ്റോറിൽ ഒരു മുന്നറിയിപ്പ് ബോർഡ് അവർ സ്ഥാപിച്ചിട്ടുണ്ട്.അതിൽ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്. ” ശ്രദ്ധിക്കുക, തറയിൽ വഴുക്കൽ ഉണ്ട്, നിങ്ങൾ വീണു കഴിഞ്ഞാൽ പെനാൽറ്റി ലഭിക്കുക റയൽ മാഡ്രിഡിനായിരിക്കും “ഇതാണ് അവർ എഴുതിയിരിക്കുന്നത്. അതായത് റയലിന് ഇങ്ങനെ പെനാൽറ്റി ലഭിക്കുന്നതിനെ പരിഹസിക്കുകയാണ് അവർ ഇതുവഴി ചെയ്തിട്ടുള്ളത്. നിസ്സാര കാരണങ്ങൾക്ക് പോലും റയലിന് പെനാൽറ്റി ലഭിക്കുന്നു എന്നാണ് പലരും ആരോപിക്കുന്നത്.
ആകെ ലഭിച്ച 5 പെനാൽറ്റികളിൽ 3 പെനാൽറ്റിയും എടുത്തത് സൂപ്പർ താരം കിലിയൻ എംബപ്പേയാണ്. രണ്ട് പെനാൽറ്റികൾ വിനീഷ്യസ് ജൂനിയർ എടുക്കുകയും ചെയ്തിരുന്നു.ലീഗിൽ ഏറ്റവും കൂടുതൽ പെനാൽറ്റികൾ ലഭിച്ചത് റയൽ മാഡ്രിഡിന് തന്നെയാണ്.അതേസമയം ബാഴ്സലോണക്ക് 2 പെനാൽറ്റികളാണ് ലഭിച്ചിട്ടുള്ളത്. ഇനി അടുത്ത ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലാണ് ഏറ്റുമുട്ടുക. വരുന്ന ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.