ഗോളടി തുടർന്നു,ക്രിസ്റ്റ്യാനോക്കൊപ്പമെത്തി ഹാലന്റ്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി സമനില വഴങ്ങുകയായിരുന്നു. സമനില അവർ പിടിച്ചെടുത്തു എന്ന് പറയുന്നതാവും ശരി. മത്സരത്തിന്റെ അവസാനം വരെ ഒരു ഗോളിന് സിറ്റി പിറകിലായിരുന്നു. എന്നാൽ സ്റ്റോൺസ് നേടിയ ഗോൾ അവർക്ക് സമനില സമ്മാനിക്കുകയായിരുന്നു. വിജയത്തിനുവേണ്ടി അവസാനം നിമിഷം വരെ ആഴ്സണൽ പോരാടി നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം.
മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയാണ് ആദ്യം ലീഡ് എടുത്തത്. മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ സാവിയോയുടെ അസിസ്റ്റിൽ നിന്നും ഹാലന്റ് ഗോൾ നേടുകയായിരുന്നു. എന്നാൽ കലാഫിയോരിയും ഗബ്രിയേലും നേടിയ ഗോളുകൾ ആഴ്സണലിനെ മുന്നിലെത്തിച്ചു.പക്ഷേ അവസാന നിമിഷം മാഞ്ചസ്റ്റർ സിറ്റി സമനില പിടിച്ചെടുക്കുകയായിരുന്നു.
ഈ മത്സരത്തിൽ ഗോൾ നേടിയതോടെ സിറ്റിക്ക് വേണ്ടി 100 ഗോളുകൾ പൂർത്തിയാക്കാൻ സൂപ്പർ താരം ഹാലന്റിന് സാധിച്ചിട്ടുണ്ട്. മാത്രമല്ല ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പം എത്താൻ അദ്ദേഹത്തിന് സാധിച്ചു. അതായത് ഒരു യൂറോപ്യൻ ക്ലബ്ബിനുവേണ്ടി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ പൂർത്തിയാക്കുന്ന താരങ്ങൾ എന്ന റെക്കോർഡ് ഇപ്പോൾ റൊണാൾഡോയും ഹാലന്റും പങ്കിടുകയാണ്. 105 മത്സരങ്ങളിൽ നിന്നാണ് 100 ഗോളുകൾ ഈ രണ്ടു താരങ്ങളും നേടിയിട്ടുള്ളത്.
റയൽ മാഡ്രിഡിന് വേണ്ടിയാണ് ക്രിസ്റ്റ്യാനോ ഈ നേട്ടം കൈവരിച്ചത്. 105 മത്സരങ്ങളിൽ നിന്നാണ് ക്രിസ്റ്റ്യാനോ റയലിൽ 100 ഗോളുകൾ പൂർത്തിയാക്കിയത്. കഴിഞ്ഞ ഇന്റർമിലാനെതിരെയുള്ള മത്സരത്തിൽ ഗോളടിക്കാൻ ഹാലന്റിന് സാധിക്കാതെ പോവുകയായിരുന്നു. അല്ലായിരുന്നുവെങ്കിൽ റൊണാൾഡോയുടെ ഈ റെക്കോർഡ് തകർക്കാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നു.
നിലവിൽ മിന്നുന്ന പ്രകടനമാണ് ഹാലന്റ് നടത്തിക്കൊണ്ടിരിക്കുന്നത്. 5 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ താരം നേടിക്കഴിഞ്ഞു.ഇത്തവണയും ഗോൾഡൻ ബൂട്ട് തന്നെയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.