പെപ്പിനെ ദേശീയ ടീമിന്റെ പരിശീലകനാക്കണം, തീരുമാനമെടുത്ത് അധികൃതർ!
പരിശീലകൻ പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കോൺട്രാക്ട് വരുന്ന വർഷമാണ് അവസാനിക്കുക.ഈ കരാർ അദ്ദേഹം ഇതുവരെ പുതുക്കിയിട്ടില്ല. അദ്ദേഹം ഈ കോൺട്രാക്ട് പുതുക്കാൻ സാധ്യതയില്ലെന്നും മറിച്ച് ഈ സീസൺ അവസാനിക്കുന്നതോടുകൂടി അദ്ദേഹം മാഞ്ചസ്റ്റർ സിറ്റി വിടുമെന്നുമുള്ള റൂമറുകൾ സജീവമാണ്.അത്തരത്തിലുള്ള സൂചനകൾ നേരത്തെ തന്നെ പരിശീലകൻ നൽകുകയും ചെയ്തിരുന്നു.
നിലവിൽ ഇംഗ്ലണ്ടിന്റെ ദേശീയ ടീമിന് ഒരു മുഖ്യ പരിശീലകൻ ഇല്ല.ഇടക്കാല പരിശീലകനായി കൊണ്ട് ലീ കാഴ്സ്ലിയാണ് അവരെ നയിക്കുന്നത്.കഴിഞ്ഞ യൂറോകപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു. ഇതോടുകൂടിയാണ് ഗാരത് സൗത്ത് ഗേറ്റിന് പരിശീലക സ്ഥാനത്തു നിന്നും പടിയിറങ്ങേണ്ടി വന്നത്.തുടർന്ന് ഇംഗ്ലണ്ടിന്റെ അണ്ടർ 21 ടീമിന്റെ പരിശീലകനായ ലീ കാഴ്സ്ലിയെ ഇംഗ്ലീഷ് FA ഇടക്കാല പരിശീലകനായി കൊണ്ട് നിയമിക്കുകയായിരുന്നു.
എന്നാൽ മുഖ്യ പരിശീലകനായി കൊണ്ട് ഇവർ കണ്ടു വച്ചിരിക്കുന്നത് പെപ് ഗാർഡിയോളയെയാണ്. ഏതെങ്കിലും ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ തനിക്ക് താല്പര്യം ഉണ്ട് എന്നത് നേരത്തെ പെപ് പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്.അതുകൊണ്ടുതന്നെ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കോൺട്രാക്ട് പൂർത്തിയാക്കിയ ഉടനെ അദ്ദേഹത്തെ കൊണ്ടുവരാൻ കഴിയും എന്നുള്ള ഒരു ശുഭാപ്തി വിശ്വാസത്തിലാണ് ഇംഗ്ലീഷ് FA ഉള്ളത്. നിലവിൽ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അവർ പെപ്പിനെ മാത്രമാണ് പരിഗണിക്കുന്നത് എന്നുള്ള കാര്യം പ്രമുഖ മാധ്യമമായ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പെപ് ഇംഗ്ലണ്ടിനെ തിരഞ്ഞെടുക്കുമോ എന്നുള്ളതൊന്നും വ്യക്തമല്ല. 2016 മുതൽ മാഞ്ചസ്റ്റർ സിറ്റിയെ പരിശീലിപ്പിക്കുന്നത് പെപ് തന്നെയാണ്.അതേസമയം ബ്രസീലിന്റെ ദേശീയ ടീമിന് നേരത്തെ ഇദ്ദേഹത്തെ പരിശീലകനാക്കാൻ താല്പര്യമുണ്ടായിരുന്നു.എന്നാൽ പിന്നീട് അത് ഫലം കാണാതെ പോവുകയായിരുന്നു. അതേസമയം കഴിഞ്ഞ നേഷൻസ് ലീഗിലെ രണ്ട് മത്സരങ്ങളും ഇംഗ്ലണ്ട് ലീ കാഴ്സ്ലിക്ക് കീഴിലാണ് വിജയിച്ച് കയറിയിട്ടുള്ളത്.