മെസ്സിയുടെ സുഹൃത്തായതുകൊണ്ട് മാത്രം അർജന്റീന ടീമിൽ:ഡി പോളിനെ വിമർശിച്ച് മുൻ ചിലി താരം!
സമീപകാലത്ത് അർജന്റീനക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന സൂപ്പർ താരമാണ് റോഡ്രിഗോ ഡി പോൾ. കഴിഞ്ഞ ചിലിക്കെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്റീന വിജയിച്ചിരുന്നു. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഡി പോളിന് സാധിച്ചിരുന്നു. മാത്രമല്ല അർജന്റീന ദേശീയ ടീമിൽ ലയണൽ മെസ്സിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ഡി പോൾ. മെസ്സിയുടെ ബോഡിഗാർഡ് എന്ന വിളിപ്പേര് സ്വന്തമാക്കാനും അദ്ദേഹത്തിനെ കഴിഞ്ഞിട്ടുണ്ട്.
എന്നാൽ മുൻ ചിലി താരമായിരുന്ന പാട്രിഷിയോ മർഡോണസിന് ഡി പോളിനോട് ഇഷ്ടക്കേടുണ്ട്. താരത്തിനെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ഇദ്ദേഹം രംഗത്ത് വന്നിട്ടുണ്ട്.ഡി പോൾ ഒരു മോശം താരമാണെന്നും മെസ്സിയുടെ സുഹൃത്തായതു കൊണ്ട് മാത്രമാണ് അദ്ദേഹം അർജന്റീന ടീമിൽ തുടരുന്നത് എന്നുമാണ് മർഡോണസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“അർജന്റീനയിൽ ഒരു വൃത്തികെട്ട താരമുണ്ട്.റോഡ്രിഗോ ഡി പോൾ എന്നാണ് അവന്റെ പേര്. അർജന്റീനയും ചിലിയും തമ്മിലുള്ള മത്സരം വീക്ഷിച്ചപ്പോൾ എനിക്ക് മനസ്സിലായത് ഡി പോൾ വളരെ മോശം താരമാണ് എന്നാണ്.നല്ല കഠിനാധ്വാനിയാണ് അദ്ദേഹം, പക്ഷേ ഒരുപാട് പരിമിതികൾ അദ്ദേഹത്തിന് ഉണ്ട്. സഹതാരങ്ങൾ മികച്ചത് ആയതുകൊണ്ട് മാത്രമാണ് അദ്ദേഹത്തിന്റെ പരിമിതികൾ പുറത്തു കാണാത്തത്.ലയണൽ മെസ്സിയുടെ സുഹൃത്തായതുകൊണ്ട് മാത്രമാണ് അദ്ദേഹം അർജന്റീന ടീമിൽ തിരഞ്ഞെടുക്കപ്പെടുന്നത്. ഒട്ടും സന്തോഷം നൽകാത്ത ഒരു താരമാണ് അവൻ ” ഇതാണ് മുൻ ചിലി താരം പറഞ്ഞിട്ടുള്ളത്.
സമീപകാലത്ത് അർജന്റീന തകർപ്പൻ പ്രകടനം നടത്തിയതിലൊക്കെ തന്നെയും ഡി പോളിന്റെ വിസ്മരിക്കാനാവാത്ത പങ്ക് ഉണ്ട്.അർജന്റീനക്കൊപ്പം വേൾഡ് കപ്പ് രണ്ട് കോപ്പ അമേരിക്കയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ സ്പാനിഷ് ക്ലബ് ആയ അത്ലറ്റിക്കോ മാഡ്രിഡിന്റെ താരം കൂടിയാണ് ഡി പോൾ.