ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ :CR7നെ പ്രശംസിച്ച് ആഞ്ചലോട്ടി!
കളത്തിനകത്തും പുറത്തും റെക്കോർഡുകൾ സ്വന്തമാക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു തുടർക്കഥയാക്കിയിരിക്കുകയാണ് ഇപ്പോൾ.കഴിഞ്ഞ മത്സരത്തിൽ ഗോളടിച്ചതോടെ 900 ഗോളുകൾ പൂർത്തിയാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു.ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി കൊണ്ടാണ് ഒരു താരം 900 ഒഫീഷ്യൽ ഗോളുകൾ നേടുന്നത്. അതേസമയം പുതുതായി തുടങ്ങിയ റൊണാൾഡോയുടെ യൂട്യൂബ് ചാനൽ യൂട്യൂബിന്റെ ചരിത്രത്തിലെ പല റെക്കോർഡുകളും തകർത്തെറിഞ്ഞിരുന്നു.
ഇങ്ങനെ റൊണാൾഡോ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഒരു സമയമാണ് ഇത്. ഇപ്പോഴിതാ അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി കൂടി രംഗത്ത് വന്നിട്ടുണ്ട്.ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ എന്നാണ് റൊണാൾഡോയെ കുറിച്ച് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്. 2013 മുതൽ 2015 വരെ റയൽ മാഡ്രിഡിൽ വച്ചുകൊണ്ട് ആഞ്ചലോട്ടിക്ക് കീഴിൽ കളിച്ച താരമാണ് ക്രിസ്റ്റ്യാനോ.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ക്രിസ്റ്റ്യാനോ റൊണാൾഡോ അന്നും ഇന്നും ഒരു മികച്ച പ്രൊഫഷണലാണ്. അത് അദ്ദേഹം തുടരുക തന്നെ ചെയ്യും.ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് റൊണാൾഡോ.ഒരു ഇതിഹാസമാണ്,ഗ്രേറ്റ് പ്രൊഫഷണൽ,ഒരു റോൾ മോഡൽ കൂടിയാണ്. അദ്ദേഹം മികച്ച ഒരു സഹതാരമായിരുന്നു. മാത്രമല്ല മറ്റു താരങ്ങളുടെ പ്രശംസക്ക് പാത്രമാവാൻ അദ്ദേഹത്തിന് എപ്പോഴും സാധിക്കുമായിരുന്നു ” ഇതാണ് കാർലോ ആഞ്ചലോട്ടി റൊണാൾഡോയെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
ക്രിസ്റ്റ്യാനോ തന്റെ കരിയറിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളത് റയൽ മാഡ്രിഡിന് വേണ്ടിയാണ്. 450 ഗോളുകളാണ് അദ്ദേഹം റയൽ മാഡ്രിഡിന് വേണ്ടി നേടിയിട്ടുള്ളത്.131 ഗോളുകൾ പോർച്ചുഗൽ ദേശീയ ടീമിനുവേണ്ടി സ്വന്തമാക്കിയിട്ടുണ്ട്.145 ഗോളുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നു വേണ്ടിയും 101 ഗോളുകൾ യുവന്റസിന് വേണ്ടിയും 68 ഗോളുകൾ അൽ നസ്റിന് വേണ്ടിയും അഞ്ചു ഗോളുകൾ സ്പോർട്ടിംഗിന് വേണ്ടിയുമാണ് റൊണാൾഡോ നേടിയിട്ടുള്ളത്.