ഇന്നത്തെ ഗോൾ അത് തെളിയിച്ചു: 900 ഗോളുകൾ പൂർത്തിയാക്കിയ ക്രിസ്റ്റ്യാനോയെ കുറിച്ച് പരിശീലകൻ!
ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ പോർച്ചുഗലിന് സാധിച്ചിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അവർ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത്.ഡിയോഗോ ഡാലോട്ട്,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരാണ് പോർച്ചുഗലിനു വേണ്ടി ഗോളുകൾ നേടിയത്.ബ്രൂണോ ഫെർണാണ്ടസ്,നുനോ മെന്റസ് എന്നിവരായിരുന്നു മത്സരത്തിലെ അസിസ്റ്റുകൾ സ്വന്തമാക്കിയത്.
ഈ മത്സരത്തിൽ ഗോൾ നേടിയതോടെ പ്രൊഫഷണൽ കരിയറിൽ 900 ഗോളുകൾ പൂർത്തിയാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി കൊണ്ടാണ് ഒരാൾ 900 ഒഫീഷ്യൽ ഗോളുകൾ സ്വന്തമാക്കുന്നത്. ഈ അപൂർവ്വ നേട്ടത്തിൽ എത്തിയ റൊണാൾഡോയെ പ്രശംസിച്ചുകൊണ്ട് അവരുടെ പരിശീലകനായ റോബർട്ടോ മാർട്ടിനസ് രംഗത്ത് വന്നിട്ടുണ്ട്.ക്രിസ്റ്റ്യാനോ എന്ന താരത്തിന്റെ ഇന്റലിജൻസ് തെളിയിക്കുന്ന ഗോളാണ് ഇന്ന് അദ്ദേഹം നേടിയത് എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ആദ്യമായി 900 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോയെ ഞാൻ അഭിനന്ദിക്കുന്നു.ഈയൊരു പ്രധാനപ്പെട്ട നിമിഷത്തിന് സാക്ഷിയാവുക എന്നുള്ളത് ആരാധകരെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമായിരുന്നു. മാത്രമല്ല പെപേ ആദരിക്കപ്പെട്ട ദിവസം കൂടിയാണ് ഇത്.ഇത് ഞങ്ങളെ വളരെയധികം അഭിമാനിതരാക്കുന്നു.എപ്പോഴും ആളുകളെ സംസാരിപ്പിക്കാൻ റൊണാൾഡോക്ക് സാധിക്കും. ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീമിനോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥത തന്നെയാണ്.മറ്റുള്ള എല്ലാ താരങ്ങൾക്കും അദ്ദേഹം ഒരു ഉദാഹരണമാണ്.ഒരു ഗോൾ സ്കോററാണ് അദ്ദേഹം. പെനാൽറ്റി ഏരിയയിൽ റൊണാൾഡോ വളരെയധികം ഇന്റലിജന്റ് ആണ്. ഇന്നത്തെ ഗോൾ അത് തെളിയിക്കുന്നുണ്ട്.ഞങ്ങൾക്ക് എപ്പോഴും ആവശ്യമുള്ള ഒരു താരമാണ് റൊണാൾഡോ ” ഇതാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
പോർച്ചുഗൽ ദേശീയ ടീമിനുവേണ്ടി 131 ഗോളുകളാണ് റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്. 450 ഗോളുകൾ റയൽ മാഡ്രിഡിനും 145 ഗോളുകൾ യുണൈറ്റഡിനും 101 ഗോളുകൾ യുവന്റസിനും 68 ഗോളുകൾ അൽ നസ്റിനും 5 ഗോളുകൾ സ്പോർട്ടിംഗിനും വേണ്ടിയാണ് റൊണാൾഡോ നേടിയിട്ടുള്ളത്.ഇങ്ങനെയാണ് 900 ഗോളുകൾ അദ്ദേഹം പൂർത്തിയാക്കിയിട്ടുള്ളത്.