എന്തൊരു അനാദരവാണിത് :കാസമിറോയെ വിമർശിച്ച കാരഗർക്ക് റിയോയുടെ മറുപടി!
കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. മത്സരത്തിൽ ലിവർപൂൾ നേടിയ 2 ഗോളുകളും കാസമിറോയുടെ പിഴവിൽ നിന്നായിരുന്നു പിറന്നിരുന്നത്. ഇതോടെ അദ്ദേഹത്തെ ആദ്യപകുതിക്ക് ശേഷം പിൻവലിക്കുകയും ചെയ്തിരുന്നു.വലിയ വിമർശനങ്ങളാണ് പിന്നീട് താരത്തിന് ലഭിച്ചത്. ലിവർപൂൾ ഇതിഹാസമായ ജാമി കാരഗർ താരത്തെ പരിഹസിക്കുകയും ചെയ്തിരുന്നു.
ഫുട്ബോൾ കാസമിറോയിൽ നിന്നും പോകുന്നതിനു മുൻപ് കാസമിറോ ഫുട്ബോൾ വിട്ടുപോകു എന്നായിരുന്നു കാരഗർ ആവശ്യപ്പെട്ടിരുന്നത്. അതായത് ഈ ബ്രസീലിയൻ സൂപ്പർ താരത്തോട് വിരമിക്കാനാണ് കാരഗർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത് യുണൈറ്റഡ് ഇതിഹാസമായ റിയോ ഫെർഡിനാന്റാണ്.കാരഗർ കാസമിറോയോട് കാണിച്ചത് തികഞ്ഞ അനാഥരവാണ് എന്നാണ് റിയോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“കാരഗർ കാസമിറോയോട് ഫുട്ബോൾ നിർത്തി പോവാൻ ആവശ്യപ്പെട്ടത് ഞാൻ കേട്ടിരുന്നു. അത് തികഞ്ഞ അനാഥരവാണ്.കാസമിറോ തന്റെ കരിയറിൽ എന്തൊക്കെ നേടി എന്നുള്ളത് ഓർക്കുന്നത് നല്ലതാണ്. ചില മിസ്റ്റേക്കുകൾ വരുത്തി എന്നുള്ളത് ശരിയാണ്. പക്ഷേ ആ മത്സരങ്ങൾക്ക് മുൻപ് യുണൈറ്റഡിന്റെ ഏറ്റവും മികച്ച താരമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കരിയർ അവസാനിച്ചു എന്ന് പറയാൻ വളരെ എളുപ്പമാണ്. ഒരുപാട് കാര്യങ്ങൾ അദ്ദേഹം കളത്തിനകത്ത് ചെയ്യുന്നുണ്ട്. റയൽ മാഡ്രിഡിൽ ചെയ്യേണ്ടി വന്നിട്ടില്ലാത്ത പല കാര്യങ്ങളും അദ്ദേഹം യുണൈറ്റഡിൽ ചെയ്യുന്നുണ്ട് ” ഇതാണ് യുണൈറ്റഡ് ഇതിഹാസം പറഞ്ഞിട്ടുള്ളത്.
പതിവുപോലെ ഈ സീസണിലും മോശം തുടക്കമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചിട്ടുള്ളത്. സീസണിൽ ആകെ നാല് മത്സരങ്ങളാണ് അവർ കളിച്ചിട്ടുള്ളത്.അതിൽ മൂന്നു മത്സരങ്ങളിലും അവർ പരാജയപ്പെടുകയായിരുന്നു. ഇനി അടുത്ത മത്സരത്തിൽ സതാംപ്റ്റണാണ് അവരുടെ എതിരാളികൾ.