മെസ്സിയുണ്ടാകുമ്പോൾ അതൊരു ബാധ്യതയാണ്: ഇന്റർ മയാമി കോച്ച്
സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കിയതോടുകൂടിയാണ് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയെ ആരാധകർ ശ്രദ്ധിച്ചു തുടങ്ങിയത്. മെസ്സിയുടെ വരവ് കളത്തിനകത്തും പുറത്തും ഒരുപോലെ ഇമ്പാക്ട് ഉണ്ടാക്കി. ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം ഇന്റർമയാമിക്ക് നേടിക്കൊടുക്കാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു. മാത്രമല്ല ഇത്തവണത്തെ അമേരിക്കൻ ലീഗിൽ ഗംഭീര പ്രകടനമാണ് ഇന്റർമയാമി നടത്തിക്കൊണ്ടിരിക്കുന്നത്. മെസ്സിയുടെ വരവ് തന്നെയാണ് ഇതിനൊക്കെ കാരണമായിട്ടുള്ളത്.
മെസ്സി വന്നതിന് പിന്നാലെ ബുസ്ക്കെറ്റ്സ്,ആൽബ,സുവാരസ് എന്നിവരൊക്കെ ഇന്റർമയാമിയിൽ എത്തുകയും ചെയ്തു. ഇതേക്കുറിച്ച് ഇന്റർമയാമിയുടെ പരിശീലകനായ ടാറ്റ മാർട്ടിനോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് മെസ്സി ഉൾപ്പെടെയുള്ള ഈ സൂപ്പർതാരങ്ങൾ ഇവിടെ ഉണ്ടാകുമ്പോൾ സമ്മർദ്ദം കൂടുതലാണെന്നും വിജയം നേടൽ ഒരു ബാധ്യതയായി മാറി എന്നുമാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” സത്യം എന്തെന്നാൽ ഈ സൂപ്പർ താരങ്ങൾ ഉള്ളതുകൊണ്ട് വിജയം നേടൽ ഞങ്ങൾക്ക് ഒരു ബാധ്യതയായി മാറി. വിജയിക്കാൻ ഇത്രയധികം സമ്മർദ്ദം അനുഭവിക്കേണ്ടി വരുന്ന മറ്റൊരു ടീമിനെയും ഞാൻ അമേരിക്കൻ ലീഗിൽ കണ്ടിട്ടില്ല. ഈ സൂപ്പർതാരങ്ങൾ ഉള്ളതുകൊണ്ടാണ് ഇത്. ഞാൻ അപൂർവമായി മാത്രം കാണുന്ന ഒന്നാണ് ഇത്രയധികം പ്രഷർ.ഇന്റർമയാമിക്കൊപ്പം എനിക്കത് അനുഭവിക്കേണ്ടി വരുന്നുണ്ട്. ഞാൻ നേരത്തെ അമേരിക്കൻ ക്ലബ്ബ് തന്നെയായ അറ്റലാന്റയെ പരിശീലിപ്പിച്ചിട്ടുണ്ട്. അന്നൊന്നും തന്നെ ഇത്രയധികം പ്രഷർ എനിക്ക് ഏൽക്കേണ്ടി വന്നിരുന്നില്ല. പക്ഷേ ഈ സീസൺ മുതൽ തലക്കെട്ടുകൾ നിറഞ്ഞു നിൽക്കുന്നത് ഇന്റർമയാമിയാണ് “ഇതാണ് അവരുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഗംഭീര പ്രകടനം നടത്താൻ ഇന്റർമയാമിക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്. സപ്പോർട്ടേഴ്സ് ഷീൽഡ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇന്റർമയാമിയാണ് വരുന്നത്. 26 മത്സരങ്ങളിൽ നിന്ന് 56 പോയിന്റാണ് അവർക്കുള്ളത്. ബാക്കിയുള്ള 28 ക്ലബ്ബുകളും ഇന്റർമയാമിക്ക് താഴെയാണ് വരുന്നത്.