ബാഴ്സ പെരുമാറിയത് ബഹുമാനമില്ലാതെ: വിമർശനവുമായി അത്ലറ്റിക്ക് ക്ലബ്ബ് പ്രസിഡന്റ്!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ വമ്പൻമാരായ ബാഴ്സലോണക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അവർ അത്ലറ്റിക്ക് ക്ലബ്ബിനെ പരാജയപ്പെടുത്തിയത്.ലാമിൻ യമാൽ, റോബർട്ട് ലെവന്റോസ്ക്കി എന്നിവരാണ് ബാഴ്സക്ക് വേണ്ടി ഗോളുകൾ നേടിയത്. തുടർച്ചയായ രണ്ടാം വിജയമാണ് ബാഴ്സ സ്വന്തമാക്കിയിട്ടുള്ളത്. പോയിന്റ് പട്ടികയിൽ ഒന്നാമത് സെൽറ്റ വിഗോയും രണ്ടാമത് ബാഴ്സയുമാണ് ഉള്ളത്.
അത്ലറ്റിക്കിന്റെ സ്പാനിഷ് സൂപ്പർതാരമായ നിക്കോ വില്യംസിനെ സ്വന്തമാക്കാൻ ബാഴ്സലോണ പരമാവധി ശ്രമങ്ങൾ നടത്തിയിരുന്നു.എന്നാൽ അത് ഫലം കാണാതെ പോവുകയായിരുന്നു.നിക്കോ ക്ലബ്ബിനകത്ത് തന്നെ തുടരാൻ തീരുമാനിച്ചു. പക്ഷേ ഇക്കാര്യത്തിൽ ബാഴ്സലോ വിമർശനങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് അത്ലറ്റിക്കിന്റെ പ്രസിഡന്റ് ആയ ജോൺ ഉറിയാർത്തെ.പലപ്പോഴും ബാഴ്സ പെരുമാറിയത് ബഹുമാനം ഇല്ലാതെയാണ് എന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.പ്രസിഡന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഞങ്ങൾ ശാന്തരാണ്.ട്രാൻസ്ഫർ മാർക്കറ്റുകളിൽ ഞങ്ങളുടെ താരങ്ങളെക്കുറിച്ച് സംസാരിക്കുന്നു എന്നുള്ളത് സ്വാഭാവികമായ കാര്യമാണ്.നിക്കോയുടെ കേസ് വലിയ ഒരു കൊടുങ്കാറ്റ് തന്നെ സൃഷ്ടിച്ചു എന്നത് നോർമലാണ്.പക്ഷേ ഞങ്ങൾക്ക് ഇഷ്ടപ്പെടാത്ത പല കാര്യങ്ങളും ഉണ്ട്. പലപ്പോഴും അവർ ബഹുമാനമില്ലാതെയാണ് പെരുമാറിയിട്ടുള്ളത്.നടക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ അവർ സങ്കൽപ്പിച്ചു കൂട്ടി. എന്തൊക്കെ സംഭവിച്ചാലും എപ്പോഴും റെസ്പെക്ട് ആവശ്യമാണ്. ബാഴ്സയുടെ കോച്ച് ഫ്ലിക്ക് ഇത് നല്ല രീതിയിലാണ് കൈകാര്യം ചെയ്തിട്ടുള്ളത്. തങ്ങളുടെ ക്ലബ്ബിനകത്ത് ഇല്ലാത്ത താരത്തെപ്പറ്റി സംസാരിക്കാൻ താല്പര്യമില്ല എന്ന് അദ്ദേഹം പറഞ്ഞത് എനിക്കിഷ്ടമായി ” ഇതാണ് അത്ലറ്റിക്ക് പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
ഇന്നലത്തെ മത്സരത്തിൽ ബാഴ്സക്കെതിരെ നിക്കോ വില്യംസിന് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. ബാഴ്സയുടെ ഫ്രഞ്ച് താരമായ ഹൂൾസ് കൂണ്ടെ അദ്ദേഹത്തെ അക്ഷരാർത്ഥത്തിൽ പൂട്ടുകയായിരുന്നു. കഴിഞ്ഞ യൂറോ കപ്പിൽ തകർപ്പൻ പ്രകടനമായിരുന്നു നിക്കോ വില്യംസ് നടത്തിയിരുന്നത്. അതോടുകൂടിയായിരുന്നു ബാഴ്സ അദ്ദേഹത്തിന് വേണ്ടി വലിയ ശ്രമങ്ങൾ നടത്തിയിരുന്നത്.