അത് ഫേക്കാണ് : റോഡ്രിഗോ വിഷയത്തിൽ പ്രതികരിച്ച് ആഞ്ചലോട്ടി!
ലാലിഗയിലെ ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡിന് വേണ്ടി ഗോൾ നേടിയത് ബ്രസീലിയൻ സൂപ്പർ താരമായ റോഡ്രിഗോയായിരുന്നു. അതിനു പിന്നാലെ അദ്ദേഹത്തിന്റെ ഒഫീഷ്യൽ വാട്സ്ആപ്പ് ചാനലിൽ ഒരു മെസ്സേജ് പ്രത്യക്ഷപ്പെട്ടിരുന്നു.റോഡ്രിഗോ റയലിൽ ഹാപ്പിയല്ല എന്ന് തെളിയിക്കുന്നതായിരുന്നു ആ മെസ്സേജ്. അതായത് വിനീഷ്യസ്,എംബപ്പേ,ബെല്ലിങ്ങ്ഹാം എന്നീ മൂന്ന് താരങ്ങൾക്ക് ലഭിക്കുന്ന പരിഗണന റോഡ്രിഗോക്കും ലഭിക്കണം എന്നായിരുന്നു ആ മെസ്സേജിൽ ഉണ്ടായിരുന്നത്.റോഡ്രിഗോയുടെ മൂല്യം വരുന്ന മത്സരങ്ങളിൽ ആരാധകർക്ക് മനസ്സിലാകുമെന്നും അതിൽ ഉണ്ടായിരുന്നു. എന്നാൽ ഉടൻതന്നെ ആ മെസ്സേജ് വാട്സ്ആപ്പ് ചാനലിൽ നിന്നും ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.
റോഡ്രിഗോക്ക് ഇക്കാര്യത്തിൽ പങ്കില്ല, അദ്ദേഹത്തിന്റെ മീഡിയ ടീമാണ് ഇത് ചെയ്തത് എന്നുള്ള റിപ്പോർട്ട് നേരത്തെ പുറത്തേക്ക് വന്നിരുന്നു. ഏതായാലും ഈ വിഷയത്തിൽ റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.അതായത് ആ മെസ്സേജിൽ ഉള്ളതെല്ലാം ഫേക്ക് ആണെന്ന് റോഡ്രിഗോ തന്നോട് പറഞ്ഞു എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഞാൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നു.എന്തെങ്കിലും സംഭവിച്ചോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. എന്നാൽ ആ മെസ്സേജ് ഫേക്ക് ആണ് എന്നാണ് റോഡ്രിഗോ എന്നോട് പറഞ്ഞത്. അദ്ദേഹം ഇവിടെ ഹാപ്പിയാണ്. നല്ല രീതിയിൽ വർക്ക് ചെയ്യുന്നുമുണ്ട്.കളിക്കാൻ കഴിയുന്നതിൽ സന്തോഷവാനാണ്. നമ്മൾ ആ വിഷയത്തെക്കുറിച്ച് സംസാരിക്കേണ്ടതില്ല. കാരണം അങ്ങനെ ഒന്ന് നിലനിൽക്കുന്നില്ല. അദ്ദേഹത്തിന്റെ ക്വാളിറ്റി നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അദ്ദേഹം നല്ല രൂപത്തിൽ കളിച്ചിട്ടുണ്ട്.നമ്മളൊരു അറ്റാക്കിങ് ടീം ആകുമ്പോൾ,മുന്നേറ്റ നിര താരങ്ങളും ഡിഫൻസിനെ സഹായിക്കേണ്ടി വരും. അതും നല്ല രൂപത്തിൽ അദ്ദേഹം ചെയ്യുന്നുണ്ട് ” ഇതാണ് റയൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇനി ലീഗിലെ അടുത്ത മത്സരത്തിൽ റയൽ മാഡ്രിഡും റയോ വല്ലക്കാനോയും തമ്മിലാണ് ഏറ്റുമുട്ടുക. നാളെ രാത്രി ഇന്ത്യൻ സമയം 8:30നാണ് ഈ മത്സരം നടക്കുക.സാന്റിയാഗോ ബെർണാബുവാണ് ഈ മത്സരത്തിന് വേദിയാവുക. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയതിനാൽ റയലിന് ഈ മത്സരത്തിൽ ഒരു വിജയം അനിവാര്യമാണ്.