റാങ്കിങ് : ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ക്ലബുകൾ ഇവരാണ് !
ഒരിടവേളക്ക് ശേഷം യൂറോപ്പിലെ ഏറ്റവും മികച്ച ചാമ്പ്യൻഷിപ്പിന് ഇന്ന് ആരംഭം കുറിക്കുകയാണ്. നാലു പ്രീക്വാർട്ടറിന്റെ രണ്ടാം പാദം മുതലാണ് ചാമ്പ്യൻസ് ലീഗിൽ ഇനി തുടങ്ങാനുള്ളത്. നിലവിൽ നാലു ടീമുകൾ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ കടന്നിട്ടുണ്ട്. അറ്റലാന്റ, പിഎസ്ജി, ആർബി ലെയ്പ്സിഗ്, അത്ലറ്റികോ മാഡ്രിഡ് എന്നിവരാണ് ക്വാർട്ടറിൽ കയറിയ ടീമുകൾ. ഇവരെ കൂടാതെ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, ബാഴ്സലോണ, നാപോളി, യുവന്റസ്, ലിയോൺ, ബയേൺ മ്യൂണിക്ക്, ചെൽസി എന്നീ ടീമുകൾ ആണ് രണ്ടാം പാദ പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ഒരുങ്ങുന്നത്. നിലവിൽ ആകെ പന്ത്രണ്ട് ടീമുകൾ ആണ് ചാമ്പ്യൻസ് ലീഗിൽ അവശേഷിക്കുന്നത്. ഇതിൽ ടീമുകളുടെ പ്രകടനം മാനദണ്ഡമാക്കി കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ക്ലബുകളെ പുറത്ത് വിട്ടിരിക്കുകയാണിപ്പോൾ. ഫുട്ബോൾ മാധ്യമമായ ബ്ലീച്ചർ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. അവയാണ് താഴെ നൽകുന്നത്.
1- ബയേൺ മ്യൂണിക്ക് : കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീം. നിലവിൽ മിന്നും ഫോമിൽ കളിക്കുന്നു. ആദ്യപാദത്തിൽ തന്നെ ചെൽസിയെ 3-0 തോൽപിച്ചു കൊണ്ട് ക്വാർട്ടറിന്റെ തൊട്ടരികിൽ എത്തിയിരിക്കുന്നു. ലെവന്റോസ്ക്കി, തോമസ് മുള്ളർ എന്നിവരാണ് കുന്തമുനകൾ.
2- മാഞ്ചസ്റ്റർ സിറ്റി – കിരീടസാധ്യതയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഈ പ്രീമിയർ ലീഗ് വമ്പൻമാരാണ്. നിലവിൽ 2-1 ന് റയൽ മാഡ്രിഡിനെ ആദ്യപാദത്തിൽ പരാജയപ്പെടുത്തിയിരുന്നു. ക്വാർട്ടറിലേക്ക് മുന്നേറാനുള്ള എല്ലാ അനുകൂലഘടകങ്ങളും ഉണ്ട്.
3- പിഎസ്ജി – സാധ്യത കല്പിക്കപ്പെടുന്നവരിൽ മൂന്നാമത് ഫ്രഞ്ച് ശക്തികളായ പിഎസ്ജിയാണ്. ക്വാർട്ടറിൽ കാത്തിരിക്കുന്നത് അറ്റലാന്റ. നെയ്‌മർ, എംബാപ്പെ, ഇകാർഡി എന്നിവർ അടങ്ങിയ മുന്നേറ്റനിരയാണ് കരുത്ത്. എംബാപ്പെയുടെ പരിക്ക് തിരിച്ചടിയേൽപ്പിച്ചിട്ടുണ്ട്. ബൊറൂസിയയെ കീഴടക്കികൊണ്ടാണ് വരവ്
4- അത്ലറ്റികോ മാഡ്രിഡ് – സിമിയോണിയുടെ തന്ത്രങ്ങൾ കരുത്താക്കി കുതിക്കുന്നവർ. കീഴടക്കിയത് നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനെ, ക്വാർട്ടറിൽ കാത്തിരിക്കുന്നത് ആർബി ലെയ്പ്സിഗ്.
5-യുവന്റസ് – സിരി എയിൽ അവസാനമത്സരത്തിൽ മോശം പ്രകടനമാണ് കാഴ്ച്ചവെച്ചതെങ്കിലും ചാമ്പ്യൻസ് ലീഗ് സാധ്യത കൂടുതൽ ഉള്ളവർ. ഒന്നാം പാദത്തിൽ ലിയോണിനോട് തോൽവി അറിഞ്ഞിരിക്കുന്നു. രണ്ടാം പാദത്തിൽ ജയം അനിവാര്യമാണ്. ശക്തി ക്രിസ്റ്റ്യാനോ റൊണാൾഡോ.
6-അറ്റലാന്റ : ഈ സീസണിൽ അപ്രതീക്ഷിതപ്രകടനം. ഗോളടിച്ചു കൂട്ടുന്ന പ്രകൃതക്കാർ. പ്രീക്വാർട്ടറിൽ വലൻസിയയെ മറികടന്നു, ക്വാർട്ടറിൽ കാത്തിരിക്കുന്നത് പിഎസ്ജി.
7-എഫ്സി ബാഴ്സലോണ : സമീപകാലത്ത് മോശം പ്രകടനമാണെങ്കിലും മികച്ച താരനിര. ആദ്യപാദത്തിൽ നാപോളിയോട് 1-1 ന്റെ സമനില ആയതിനാൽ രണ്ടാം പാദത്തിൽ ജയം അനിവാര്യമാണ്. ശക്തി ലയണൽ മെസ്സി.
8-റയൽ മാഡ്രിഡ് – സ്വന്തം മൈതാനത്തു സിറ്റിയോട് 2-1 ന് തോറ്റതും റാമോസ് സസ്‌പെൻഷൻ വാങ്ങിയതും വലിയ തിരിച്ചടിയായി. സിറ്റിയെ അവരുടെ മൈതാനത്ത് തോൽപ്പിച്ചാൽ മാത്രം മുന്നോട്ട് സഞ്ചരിക്കാനാവും.
9-ആർബി ലെയ്പ്സിഗ് : വെർണറിന്റെ ചിറകിലേറി ക്വാർട്ടർ വരെ കുതിച്ചവർ. വെർണർ ടീം വിട്ടത് തിരിച്ചടി. ക്വാർട്ടറിൽ അത്ലറ്റികോ മാഡ്രിഡ് എതിരാളികൾ.
10-നാപോളി : ആദ്യപാദത്തിൽ സ്വന്തം മൈതാനത്തു 1-1 ന്റെ സമനില. കീഴടക്കേണ്ടത് മെസ്സിയുടെ ബാഴ്സയെ അവരുടെ തട്ടകത്തിൽ.
11- ലിയോൺ – ആദ്യപാദത്തിൽ യുവന്റസിനെ 1-0 കീഴടക്കി. രണ്ടാം പാദം യുവന്റസിന്റെ മൈതാനത്ത്. യുവന്റസിനെ മറികടന്നാലും പിന്നീടുള്ള വഴി ദുഷ്കരം.
12- ചെൽസി – പ്രതീക്ഷകൾ എല്ലാം അവസാനിച്ചവർ. ആദ്യപാദത്തിൽ സ്വന്തം മൈതാനത്ത് ബയേണിനോട് 3-0 തോൽവി. രണ്ടാം പാദത്തിൽ അവരുടെ മൈതാനത്തു നേരിടുന്നു.