അർജന്റീന ടീമിൽ സ്ഥിരമാവണമെങ്കിൽ ഇനിയും ഒരുപാട് വർക്ക് ചെയ്യണം:ഗർനാച്ചോയോട് ലിസാൻഡ്രോ!
മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി തകർപ്പൻ പ്രകടനമാണ് അർജന്റൈൻ സൂപ്പർ താരമായ അലജാൻഡ്രോ ഗർനാച്ചോ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള കമ്മ്യൂണിറ്റി ഷീൽഡ് ഫൈനലിൽ ഗോൾ നേടാൻ താരത്തിന് കഴിഞ്ഞിരുന്നു.മാത്രമല്ല ഇന്നലെ നടന്ന ഫുൾഹാമിനെതിരെയുള്ള പ്രീമിയർ ലീഗ് മത്സരത്തിൽ താരം അസിസ്റ്റ് സ്വന്തമാക്കുകയും ചെയ്തിരുന്നു. അങ്ങനെ മികച്ച ഒരു തുടക്കമാണ് ഈ സീസണിൽ താരത്തിന് ലഭിച്ചിട്ടുള്ളത്.
പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ലഭിക്കുന്നത് പോലെയുള്ള അവസരങ്ങൾ അർജന്റീന ദേശീയ ടീമിൽ താരത്തിന് ലഭിക്കാറില്ല. ഇതേക്കുറിച്ച് അർജന്റൈൻ താരമായ ലിസാൻഡ്രോ മാർട്ടിനസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ക്ലബ്ബും ദേശീയ ടീമും വ്യത്യസ്തമാണെന്നും അർജന്റീന ടീമിൽ സ്ഥിരമാവണമെങ്കിൽ ഇനിയും താരം ഒരുപാട് വർക്ക് ചെയ്യേണ്ടതുണ്ട് എന്നുമാണ് ലിസാൻഡ്രോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” ഇനിയും ഒരുപാട് മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിയും.നല്ല കപ്പാസിറ്റിയുള്ള താരമാണ് അദ്ദേഹം.എനിക്ക് ഒരുപാട് കോൺഫിഡൻസ് ഉണ്ട്. ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് പക്വത കൈവരിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അസാധാരണമായ പ്രതിഭയുള്ള താരമാണ് ഗർനാച്ചോ.അത് മുതലെടുക്കാൻ സാധിക്കുകയാണെങ്കിൽ ഒരുപാട് ദൂരം സഞ്ചരിക്കാൻ അവന് കഴിയും. അർജന്റീന ദേശീയ ടീമിനോടൊപ്പം അദ്ദേഹം തുടങ്ങിയിട്ടേ ഉള്ളൂ. ക്ലബ്ബിനേ പോലെയല്ലല്ലോ അർജന്റീന ടീം. ഞങ്ങൾ ഇപ്പോൾ വേൾഡ് കപ്പും രണ്ട് കോപ്പ അമേരിക്കയും നേടിയിട്ടെ ഒള്ളൂ. തീർച്ചയായും അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സ്ഥാനം ലഭിക്കും. പക്ഷേ നന്നായി വർക്ക് ചെയ്യണമെന്ന് മാത്രം ” ഇതാണ് ക്ലബ്ബിലും അർജന്റീനയിലും താരത്തോടൊപ്പം കളിക്കുന്ന ലിസാൻഡ്രോ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ കോപ്പ അമേരിക്ക സ്‌ക്വാഡിൽ ഇടം നേടാൻ ഗർനാച്ചോക്ക് സാധിച്ചിരുന്നു. പക്ഷേ ഒരുപാട് അവസരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. നിരവധി സൂപ്പർതാരങ്ങളാൽ സമ്പന്നമാണ് ഇന്ന് അർജന്റീന ടീം. അധികം വൈകാതെ തന്നെ സ്ഥിര സാന്നിധ്യമാവാൻ തനിക്ക് കഴിയുമെന്നാണ് ഗർനാച്ചോ പ്രതീക്ഷിക്കുന്നത്.